മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്ന കെ കെ അനീഷിന്റെ ആത്മഹത്യ സംബന്ധിച്ച് ഒരു വിഭാഗം അധ്യാപകര്‍, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നല്കിയ മൊഴി മാറ്റി. അനീഷിനെതിരെ നല്കിയ മൊഴിയാണ് ഈ അധ്യാപകര്‍ കഴിഞ്ഞദിവസം മാറ്റിയത്.
മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകരുടെ മൊഴിയെടുത്തത്. അനീഷ് ആക്രമിച്ചുവെന്ന് പരാതി നല്‍കിയ മുഹമ്മദ് അഷ്‌റഫിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ മൊഴിമാറ്റിയതെന്നാണ് സംശയിക്കുന്നത്.
അഷ്‌റഫിനെ ഉപദ്രവിച്ചുവെന്ന് അനീഷ് സമ്മതിച്ചിരുന്നു, സ്‌കൂളിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ മാനേജരെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു, അനീഷ് ആത്മഹത്യ ചെയ്യാന്‍ ഒരുതരത്തിലുള്ള മാനസിക പീഡനവും കാരണമായില്ല എന്നീ കാര്യങ്ങളുള്ള കത്തിലായിരുന്നു അധ്യാപകര്‍ ഒപ്പിട്ട് നല്കിയത്.