അധ്യാപകനെ പുറത്താക്കിയതില്‍ കൂട്ട പ്രതിഷേധം

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2010 (10:42 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകനായ ടി ജെ ജോസഫിനെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നു. പ്രതിഷേധ സൂചകമായി അധ്യാപകരും അനധ്യാപകരും ഇന്ന് ജോലിയില്‍ നിന്ന് വിട്ടു നില്ക്കുകയാണ്.

വിദ്യാര്‍ത്ഥികളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. സംഘടനയ്ക്ക് അതീതമായി കൂട്ട പഠിപ്പുമുടക്കിനാണ് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ആയിരുന്നു ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകനെ പുറത്താക്കാന്‍ കോളജ് മാനേജ്മെന്‍റ് തീരുമാനിച്ചത്.

ഇതിനെതിരെ നിരവധി അധ്യാപക സംഘടനകളും, സാംസ്കാരിക നേതാക്കളും രംഗത്തു വന്നിരുന്നു. കഴിഞ്ഞദിവസം സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തലേക്കാട്ടും അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക