അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ എംഎം മണിയല്ല സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത്. ഉമ്മന്‍ചാണ്ടിയും മണിയും പരസ്പരം പിന്തുണയ്ക്കുന്നത് വിരോധാഭാസമാണെന്നും അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതി ആരംഭിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളും ഈ പദ്ധതി നടപ്പിലാക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു വിഎസിന്റെ പ്രസ്താവന.
അതേസമയം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി ഇന്നലെയും വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ല കാര്യമായി കാണാന്‍ കഴിയില്ല. വൈദ്യുതിയുടെ കാര്യം വരുമ്പോള്‍ ചിലര്‍ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പെന്നും മന്ത്രി മണി പറഞ്ഞു.