അതിരപ്പള്ളി വിഷയത്തില്‍ സിപിഐയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എംഎം മണി. വിവരക്കേടുകൊണ്ടാണ് ഈ പദ്ധതിയെ സിപിഐ എതിക്കുന്നത്. ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ് കാനം രാജേന്ദ്രന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് വിവാദമാകുന്നതോടെ പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് അദ്ദേഹത്തിന്റെ പണിയെന്നും മണി പറഞ്ഞു. സിപിഐ സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും മണി പറഞ്ഞു.
പദ്ധതി നടപ്പിലാക്കണമെന്നതു തന്നെയാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടെയും തീരുമാനം. പദ്ധതിക്കെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ ശക്തമായി നേരിടും. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന കാര്യം വിമർശിക്കുന്നവർ ഓർക്കണമെന്നും മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന് ഓർത്താൽ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ്, ഭരണത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് പദ്ധതി വേണ്ടെന്നു വയ്ക്കാതിരുന്നതെന്നും എംഎം മണി ചോദിച്ചു. അതേസമയം, അതിരപ്പിള്ളി വിഷയത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും മണിയല്ല, കോടിയേരിയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.