അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടി മരിച്ചു

ചൊവ്വ, 28 മെയ് 2013 (12:58 IST)
PTI
PTI
അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം ഒരു കൂട്ടി കൂടി മരിച്ചു. പലകയൂര്‍ ഊരിലെ വീരസ്വാമി - ലക്ഷ്മി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആറുമാസത്തിനിടെ അട്ടപ്പാടിയില്‍ 28 കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം മരിച്ചത്.

അട്ടപ്പാടിയിലെത്തിയ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ട്രൈബല്‍ ഉദ്യോഗസ്ഥരുമായി രാവിലെ ചര്‍ച്ച നടത്തി. ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യൂണിസെഫ് സംഘവും ലോകാരോഗ്യസംഘടനയുടെ സംഘവും ഇന്ന് അട്ടപ്പാടിയില്‍ എത്തും. നെല്ലിപ്പതി ഊര്, അഗളി പിഎച്ച്സി, കടമ്പാറ ഊര്, കോട്ടത്തറ ആശുപത്രി എന്നിവിടങ്ങളിലായിരിക്കും സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നത്.

കഴിഞ്ഞ മാസം ഐസിഡിഎസ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ശിശുമരണത്തിന് കാരണമാകുന്നത് പോഷകാഹാരക്കുറവല്ലെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പട്ടികവര്‍ഗ വകുപ്പ് നടത്തിയ സര്‍വേയില്‍ 400 ലേറെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി കണ്ടെത്തിയിരുന്നു.

അട്ടപ്പാടി മേഖലയിലെ 900 ഗര്‍ഭിണികള്‍ക്ക് പാകം ചെയ്ത ആഹാരം അങ്കണവാടികള്‍ വഴി വിതരണം ചെയ്യാന്‍ നടപടി ആയതായി മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞിരുന്നു. ഒന്നരവര്‍ഷത്തിനിടെ 40 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്.

വെബ്ദുനിയ വായിക്കുക