അടിയന്തിര നടപടികള്‍ ഫലപ്രദം; ഇടപ്പള്ളിയിലെ കുരുക്കഴിയുന്നു

വെള്ളി, 10 മെയ് 2013 (19:57 IST)
PRO
PRO
ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതിന് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത അടിയന്തിര നടപടികള്‍ പൂര്‍ത്തീകരിച്ചതായി കളക്ടര്‍ പിഐ ഷെയ്ക്ക് പരീത്. ജംഗ്ഷന്‍ വിപുലീകരണം, റോഡ് മാര്‍ക്കിംഗുകള്‍, യു ടേണ്‍ നിരോധനം തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. ബാരിക്കേഡ്, സ്‌കൈവാക്ക് തുടങ്ങിയവയും സ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ല ഭരണകൂടം അടിയന്തിരമായി ഇടപെട്ടത്. ഇടപ്പള്ളി ജംഗ്ഷന് ഇരുവശത്തേക്കും 200 മീറ്റര്‍ ദൂരത്തില്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗിച്ച് റോഡിന് വീതി കൂ'ുകയും ഫ്രീ ലെഫ്റ്റ് ഉറപ്പാക്കുകയും ചെയ്തതോടെ ഗതാഗതം സുഗമമായി. റോഡ് മാര്‍ക്കിങുകള്‍ സ്ഥാപിച്ച് ഗതാഗതം കര്‍ശനമായി നിയന്ത്രിക്കാന്‍ പോലീസും രംഗത്തിറങ്ങി.

ജില്ല റോഡ് സേഫ്റ്റി കൗസിലിന്റെ സീറോ ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി ലെയ്ന്‍ ട്രാഫിക്കും ഇടപ്പള്ളിയില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ അനിയന്ത്രിതമായി റോഡ് മുറിച്ചു കടക്കുത് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും നിശ്ചിത കേന്ദ്രങ്ങളില്‍ സീബ്ര ലൈനുകള്‍ വരച്ച് കാല്‍നടയാത്രക്കാര്‍ക്ക് ക്രോസിങ് ഉറപ്പാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സ്‌കൈവാക്ക് സ്ഥാപിക്കുന്നതോടെ റോഡ് മുറിച്ചു കടക്കാന്‍ ബദല്‍ മാര്‍ഗമാകുമെന്നും കളക്ടര്‍ പറഞ്ഞു.

ജംഗ്ഷനില്‍ ആലുവ ഭാഗത്ത് വരുന്ന വാഹനങ്ങള്‍ക്ക് വൈറ്റില ഭാഗത്തേക്കും നഗരത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ദേശീയപാത 17ല്‍ ചേരാനല്ലൂര്‍ ഭാഗത്തേക്കും സുഗമമായി ഇടത്തേക്ക് തിരിയാന്‍ ഫ്രീ ലെഫ്റ്റ് നടപ്പാക്കിയതാണ് മറ്റൊരു നേട്ടം. ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡിന് മധ്യഭാഗത്തും കുറുകെയും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യാന്‍ കളമശ്ശേരി നഗരസഭയും നടപടി സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക