അഞ്ചുവയസുകാരന്‍ വണ്ടിയില്‍ കയറിയില്ല; ട്രയിന്‍ 15 മിനിറ്റു നിര്‍ത്തിയിട്ടു

തിങ്കള്‍, 4 മെയ് 2015 (15:42 IST)
അച്‌ഛനും അമ്മയ്ക്കുമൊപ്പം യാത്ര പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അഞ്ചു വയസ്സുകാരന്‍ ട്രയിനില്‍ കയറിയില്ല. കുട്ടി ട്രയിനില്‍ കയറാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ട്രയിന്‍ സ്റ്റേഷനില്‍ 15 മിനിറ്റ് നിര്‍ത്തിയിട്ടു.
 
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല സ്റ്റേഷനില്‍ ഡല്‍ഹി - കേരള എക്സ്പ്രസ് എത്തിയപ്പോള്‍ ആയിരുന്നു സംഭവം. സൈനികനും കോഴഞ്ചേരി കുറിയന്നൂർ സ്വദേശിയുമായ അജയകുമാറും ഭാര്യയും മകനും ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയത്. ഇറ്റാര്‍സിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇവര്‍.
 
ട്രയിന്‍ എത്തിയപ്പോള്‍ ആദ്യം പിതാവ് ബാഗുമായി ട്രയിനിലേക്ക് കയറി. ഇതുകണ്ട മകന്‍ ട്രയിനില്‍ കയറാതെ മാറിനിന്ന് കരയാന്‍ തുടങ്ങി. ഇതിനിടെ ട്രയിന്‍ മുന്നോട്ടു നീങ്ങി. പ്ലാറ്റ്‌ഫോമില്‍ മകനുമായി നിന്ന് ഭാര്യ ബഹളം വെയ്ക്കുന്നത് കണ്ട് ഭര്‍ത്താവ് തന്നെ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തുക്കുകയായിരുന്നു.
 
തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥരും മറ്റും ചേർന്ന് കുട്ടിയെ  നിർബന്ധിച്ച് ട്രെയിനിൽ കയറ്റിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

വെബ്ദുനിയ വായിക്കുക