അഖില ആകില്ല, ഇനി അഖില ആകുകയുമില്ല, ഞാനിപ്പോൾ ഹാദിയ ആണ്: നിസഹായരായി മാതാപിതാക്കൾ

വെള്ളി, 7 ജൂലൈ 2017 (10:25 IST)
മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന പെണ്‍കുട്ടിയേയും അവളുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനേയും മലയാളികള്‍ അറിഞ്ഞത് അടുത്തിടെ ആയിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ നടത്തിയ ഇരുവരുടെയും വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാതാപിതാക്കളോടൊപ്പം കോടതി വിട്ടയച്ച അഖിലയുടെ (ഹാദിയ) സ്ഥിതി ആകെ വഷളായിരിക്കുന്നതായി റിപ്പോർട്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി.
 
ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവരിൽ ഒരാളായ പൊലീസുകാരൻ വ്യക്തമാക്കുന്നതായിട്ടാണ് അഴിമുഖം ഓൺലൈൻ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മാതാപിതാക്കളോടൊപ്പം, വിട്ടയച്ചെങ്കിലും ആദ്യമൊക്കെ സഹകരണ മനോഭാവത്തോടെയായിരുന്നു ഹാദിയ. എന്നാൽ, ഇപ്പോൾ പൊലീസുകാരോട് പോലും ദേഷ്യപ്പെട്ടാണ് ഹാദിയ സംസാരിക്കുന്നത്. 
 
ഒന്നരമാസമായി പൊലീസുകാരുടെ സംരക്ഷണയിൽ ഒരു മുറിക്കുള്ളിൽ കഴിയുന്ന ഹാദിയയുടെ മാനസികാഘാതമുണ്ടായിരിക്കുകയാണ്. ഹാദിയയുടെ ആരോഗ്യത്തിൽ അവരുടെ മാതാപിതാക്കൾക്ക് ആശങ്ക ഉണ്ടായിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ മതം മാറാൻ പോലും തയ്യാറാകുന്ന സാഹചര്യത്തിലാണ് അവരിപ്പോൾ. ഇത്രയേറെ ദുരിതങ്ങൾ അനുഭവിച്ചെങ്കിലും ഹാദിയയുടെ തീരുമാനത്തിനത്തോരു മാറ്റവുമില്ല.
 
താനിപ്പോൾ ഹാദിയ ആണെന്നും, അഖില അല്ലെന്നും ഹാദിയ വ്യക്തമാക്കുന്നു. ഇനി അഖില ആകില്ലെന്നും ഇവർ പറയുന്നുണ്ട്. അഖില ആയി ജീവിക്കാൻ തനിക്ക് ഇനി താൽപ്പര്യമില്ലെന്നും ഹാദിയ പറയുന്നതായി അഴിമുഖം റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ, ഹാദിയ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കി ഹാദിയയുടെ ഭർത്താവ് ഷെഫീന്‍ വുക്തമാക്കിയിരുന്നു. 
 
ഹാദിയയെ തിരിച്ചു കിട്ടണമെന്ന ആവശ്യത്തില് തന്നെ ഉറച്ച് നിൽക്കുകയാണ് ഷഫിൻ. വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഷഫിൻ ജഹാന്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകാന്‍ ഒരുങ്ങിയതും അടുത്തിടെയാണ്. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

വെബ്ദുനിയ വായിക്കുക