123 പരിസ്ഥിതിലോല ഗ്രാമങ്ങള്‍: പ്രചരണം തെറ്റെന്ന് ഉമ്മന്‍‌ചാണ്ടി

ചൊവ്വ, 28 ജനുവരി 2014 (19:12 IST)
PRO
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതിലോല ഗ്രാമങ്ങള്‍ നിശ്ചയിച്ച നടപടിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. നടപടിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്‍കി എന്ന തെറ്റായ വാര്‍ത്ത പ്രചരിച്ച ഉടനേ താന്‍ വീരപ്പമൊയ്‌ലിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും കേന്ദ്രനിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും 2013 ഡിസം. 20നു പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ഡം അതേപടി നിലനില്ക്കുകയാണെന്ന് വീരപ്പമൊയ്‌ലി വ്യക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഹരിത ട്രൈബ്യൂണലിനു മുന്നില്‍ കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേസില്‍ അഭിഭാഷക നടത്തിയ പരാമര്‍ശങ്ങളെ അങ്ങേയറ്റം വളച്ചൊടിച്ചാണ് ഇപ്പോള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. വീരപ്പമൊയ്‌ലി പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തശേഷം ഖനനവും പാറപൊട്ടിക്കലും കൂടുതല്‍ നടക്കുന്നെന്നും മറ്റും ആരോപിച്ച് ഗോവ ഫൗണ്ടേഷന്‍ ഹരിത ട്രൈബ്യുണലില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ ഇവ നിരോധിച്ചുകൊണ്ടുള്ള 2013 നവം. 13ലെ ഉത്തരവ് നിലനില്ക്കുന്നുണ്ടെന്നു മാത്രമാണ് ഈ പരാതി ട്രൈബ്യുണല്‍ പരിഗണിച്ചപ്പോള്‍ അഭിഭാഷക കോടതിയെ അറിയിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ജനങ്ങളില്‍ വീണ്ടും ഭയാശങ്ക സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക