ട്വിറ്ററിന്റെ ചിറകരിഞ്ഞ് കേന്ദ്രം, കമ്പനിയുടെ നിയമ പരിരക്ഷ റദ്ദാക്കി, നിയമവിരുദ്ധ ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി
ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. നിയമപരിരക്ഷ ഒഴിവാവുന്നതോടെ ട്വീറ്റുകളുടെ ഉള്ളടക്കത്തിന്റെ പേരിൽ കമ്പനി കുറ്റങ്ങളുടെ ഉത്തരവാദിത്വം വഹിക്കേണ്ടതായി വരും. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധനെ ആറ് പേർ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായാണ് ട്വിറ്ററിൽ വന്ന വിവരം. എന്നാൽ മുസ്ലീം വൃദ്ധൻ വിറ്റ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേർന്ന് ഇയാളെ ഉപദ്രവിക്കുകയായിരുന്നുവെന്നും ട്വീറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണെന്നും യുപി പോലീസ് പറയുന്നു. ഈ സംഭവത്തിലാണ് യുപി പോലീസ് ട്വിറ്ററിനെതിരെ പരാതി നൽകിയിരിക്കുന്നത്.
നേരത്തെ നിയമപരിരക്ഷയുള്ളതിനാൽ വ്യക്തിപരമായ ട്വീറ്റുകളിൽ കമ്പനി സമാധാനം പറയേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. ഇത് ഒഴിവാക്കിയതോടെയാണ് ട്വിറ്ററെ പ്രതിചേർത്തിരിക്കുന്നത്. ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍.നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും.