ഐഫോണ്‍ 5എസ്: വില പകുതിയാക്കാനൊരുങ്ങി ആപ്പിള്‍

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (15:53 IST)
ഐഫോണുകള്‍ എന്നും ടെക്ക് പ്രേമികളുടെ ആവേശമാണ്. ആപ്പിള്‍ പ്രേമികളെത്തേടി പുതിയ സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നു. ആപ്പിളിന്റെ പുതിയ ഫോണായ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങുന്നതോടെ ഐഫോണ്‍ 5എസ് ഫോണുകളുടെ വില പകുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 22ന് എസ്ഇ ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ 5എസ് ഫോണുകളുടെ വില 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷ.
പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് 5എസ് വില 50% വരെ കുറയുമെന്ന് വിലയിരുത്തുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 450 ഡോളര്‍ വിലയുള്ള 5എസ് ഫോണ്‍ വില 225 ഡോളറെങ്കിലുമാകാനാണ്‍ സാധ്യത.

ഇന്ത്യന്‍ വിപണിയിലും സമാനമായ ഈ വിലക്കുറവ് ഉണ്ടാകും. ആന്‍ഡ്രോയിഡ് ഫോണുകളെ തോല്‍പ്പിക്കാനാണ് കമ്പനി ഇത്തരമൊരു വിലകുറവ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍16ജിബി ഫോണിന് ഇന്ത്യയിലെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 21,499 രൂപയാണ് വില. വിലക്കുറവ് നടപ്പാകുമ്പോള്‍ ഇന്ത്യയിലെ വില 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു മുന്‍പ് ഐഫോണ്‍ 4 ഇതേ വിലയ്ക്ക് ലഭ്യമാക്കിയപ്പോള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഉപയോക്താക്കളുടെ എണ്ണത്തി വന്‍ വര്‍ധനവുണ്ടായിരുന്നു.