സ്വാതന്ത്രദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും

വെള്ളി, 26 നവം‌ബര്‍ 2021 (19:14 IST)
അടുത്ത വർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സർക്കാർ ചർച്ചതുടങ്ങി. ഏപ്രിൽ-മെയ് മാസങ്ങളിൽ 5ജി സ്പെക്‌ട്രത്തിന്റെ ലേലം നടക്കും. സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാൻ നാലുമാസത്തെ സമയം കമ്പനികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
 
ആദ്യഘട്ടത്തിൽ രാജ്യത്തെ തിരെഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളുംമറ്റും ഇന്ത്യയിൽ എത്തിയാൽ നെറ്റ് വർക്ക് വിന്യസിക്കാൻ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. ഏതെല്ലാം നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുമെന്ന കാര്യത്തിൽ ജനുവരിയിൽ കമ്പനികളുമായി കരാറിലെത്തും.
 
അതേസമയം, ടെലികോം കമ്പനികൾ രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി പരീക്ഷണം ഇതിനകം നടത്തിക്കഴിഞ്ഞു. നോക്കിയയുടെ സഹകരണത്തോടെ എയർടെൽ വിജയകരമായി പരീക്ഷണം നടത്തി. എറിക്‌സണുമായി ചേർന്ന് വോഡാഫോൺ ഐഡിയ പുണെയിൽ പരീക്ഷണംനടത്താനൊരുങ്ങുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍