ഫോട്ടോയിൽ ഇനി ഒച്ച വരും മിസ്റ്റർ !

വെള്ളി, 14 ജൂണ്‍ 2019 (14:05 IST)
ഫോട്ടോഗ്രാഫറായ മാമുക്കോയ ചിരിക്കാൻ പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച ശ്രീനിവാസനെ മലയാളികൾക്കെല്ലാം അറിയാം. ഫോട്ടോഗ്രാഫർ മാമുക്കോയ അപ്പോൾ പറയുന്നത് 'ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ' എന്നാണ്. 1989ൽ ശ്രീനിവാസൻ വടക്കുനോക്കി  യന്ത്രം സംവിധാനം ചെയ്യുമ്പോൾ അതൊരു കോമഡിയായിരുന്നു. ഇപ്പോഴാണ് എങ്കിൽ തളത്തിൽ ദിനേശന് ആശ്വസിക്കാൻ വകയുണ്ടായേനെ. ഫോട്ടോയിൽ ശബ്ദം വരുന്ന കാമറ ഇറങ്ങിയിരിക്കുന്നു ! 
 
ജപ്പാനീസ് ഫോട്ടോഗ്രാഫി കമ്പനിയായ ഫുജിഫിലിംസാണ് ശബ്ദം ക്യാപ്ച്ചർ ചെയ്യുന്ന ക്യാമറ ഇറക്കിയിരിക്കുന്നത്. ഫ്യൂജിയുടെ പോളറോയിഡ്‌ സീരിസിൽ വരുന്ന ഇൻസ്റ്റക്സിന്റെ പുതിയ മോഡലാണ് 'മിനി ലിപ്ലേയ്'. ഇൻസ്റ്റക്സ് സീരിസിലെ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ ക്യാമറയാണിത്. 
 
കാമറയുടെ പിന്നിലുള്ള 2.7 ഇഞ്ച് എൽ സി ഡി സ്‌ക്രീനിൽ യൂസറിന് പ്രിന്റ് ചെയ്യേണ്ട ഫോട്ടോ തിരഞ്ഞെടുക്കാനാവും.മുന്നിലുള്ള മൈക് ബട്ടൺ ഉപയോഗിച്ചാൽ 10 സെക്കൻഡ് ശബ്ദം റെക്കോഡാവും. ഫോട്ടോയുടെ പ്രിന്റിനൊപ്പം ക്യൂ ആർ കോഡ് കൂടി വരും. ഈ ക്യൂ ആർ കോഡ് ഫോണിൽ സ്കാൻ ചെയ്യുകയാണ് എങ്കിൽ ഫോട്ടോയിൽ ശബ്ദം കേൾക്കാം. 
 
 ഡയറക്റ്റ് പ്രിന്റിങിന്  പുറമെ ആറ് വ്യത്യസ്ത ഫിൽറ്ററുകൾ,  റിമോട്ട് ഷൂട്ടിങ് എന്നിവരും ഇൻസ്റ്റക്സിന്റെ സവിശേഷതകളാണ്. ഫോട്ടോ എടുത്താൽ 12 സെക്കൻഡിലാണ് പ്രിന്റ് വരിക. വെള്ള, കറുപ്പ്, ഗോൾഡൻ കളറുകളിലാണ് ഇൻസ്റ്റക്സ് ഇറങ്ങുന്നത്.
 
ഫ്യൂജിഫിലിം ഇൻസ്റ്റക്സ് മിനി ലിപ്ലേയ് ജൂൺ 14നാണ് അമേരിക്കൻ വിപണിയിൽ എത്തുന്നത്. 160 ഡോളറാണ് (ഏകദേശം 11,127രൂപ)  അവിടത്തെ വില.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍