വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്മാര്‍ ജാഗ്രതൈ ? ഗ്രൂപ്പില്‍ വ്യാജവാര്‍ത്ത വന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ജയില്‍വാസം !

ശനി, 22 ഏപ്രില്‍ 2017 (11:14 IST)
വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്‍മാര്‍ സൂക്ഷിക്കുക... നിങ്ങള്‍ അറിയാത്ത കാര്യത്തിന് നിങ്ങള്‍ക്ക് പണികിട്ടാന്‍ പോകുന്നു. തെറ്റായ വാര്‍ത്തകളോ അഭ്യൂഹങ്ങളോ വാട്ട്സാപ്പ് ഗ്രൂപ്പിലോ ഫേസ്‌ബുക്ക് ഗ്രൂപ്പിലോ അതിലെ ഏതെങ്കിലുമൊരംഗം പുറത്ത് വിട്ടാല്‍ ഗ്രൂപ്പ് അഡ്മിന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
 
മോര്‍ഫ് ചെയ്ത് ചിത്രങ്ങളും വ്യാജ വാര്‍ത്തകളും വീഡിയോകളുമെല്ലാം പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വാരണസായില്‍ നിന്ന് പുറത്തുവരുന്ന വിവരം. ജില്ലാ മജിസ്ട്രേറ്റ് യോഗേശ്വര്‍ രാം മിശ്രയും പൊലീസ് മേധാവി നിതിന്‍ തിവാരിയും സംയുക്തമായിറക്കിയ ഉത്തരവിലാണ് നടപടിയെടുക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
 
പരിചയമുള്ള ആളുകളെ മാത്രമേ ഗ്രൂപ്പുകളില്‍ ചേര്‍ക്കാവു. ഏതെങ്കിലും അംഗം വ്യാജ സന്ദേശങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ ഇട്ടാല്‍ അത് എടുത്ത് മാറ്റുന്നതിനുള്ള ഉത്തരവാദിത്ത്വം അഡ്മിനാണ്. അതുപോലെ പോസ്റ്റ് ഇട്ട അംഗത്തെ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കുകയും വേണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയാലാണ് അഡ്മിനെതിരെ പൊലീസ് നടപടി എടുക്കുക. 
 
ഗ്രൂപ്പ് അഡ്മിനെതിരെ സൈബര്‍ നിയമപ്രകാരവും ഇന്‍ഫോര്‍മേഷന്‍ ആക്ടും ഐപിസി വകുപ്പ് പ്രകാരവുമായിരിക്കും കേസെടുക്കുക്കയെന്നും ഉത്തരവില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക