എല്ലാ പ്രതീക്ഷകളും അസ്തമിച്ചു, വിക്രം ലാൻഡർ ഇനി ചന്ദ്രോപരിതലത്തിലെ കൂരിരുട്ടിൽ മറയും

ശനി, 21 സെപ്‌റ്റംബര്‍ 2019 (12:46 IST)
ബംഗളുരു: ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ ഉപേക്ഷിച്ചു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ചാന്ദ്ര പകൽ അവസാനിച്ചതോടെയാണ് 130 കോടി ജനങ്ങളുടെ പ്രതീക്ഷകൾ അസ്തമിച്ചത്. വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനും ഐഎസ്ആർഒ കണക്കാക്കിയിരുന്ന ആയുസ് ഭുമിയിലെ 14 ദിവസങ്ങൾ അതായത് ഒരു ചാന്ദ്ര ദിവസമയിരുന്നു.   
 
എന്നാൽ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ ഭാഗത്ത് ചാന്ദ്ര പകൽ കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചു. ഇതോടെ ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകൾക്ക് ഇനി സൗരോർജം ലഭിക്കില്ല. ഇതോടെയാണ് ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ ഗവേഷകർ ഉപേക്ഷിച്ചത്. 
 
എന്നാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഏഴുവർഷം ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനിടെ ഉണ്ടായ അപാകതയെ തുടർന്ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ലൻഡർ ഇടിച്ചിറങ്ങിയ ഇടം ചന്ദ്രയാൻ 2 ഓർബിറ്റർ കണ്ടെത്തുകയും ചെയ്തു. ലാൻഡർ തകർന്നിട്ടില്ല എന്നതാണ് ഗവേഷകർക്ക് കൂടുതൽ പ്രതീക്ഷകൾ നൽകിയത്.
 
വിക്രം ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കുന്നതിനായി നാസയുടെ സഹായവും ഐഎസ്ആർഒ തേടിയിരുന്നു. എന്നാൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇരുട്ട് പരന്നോടെ നാസയുടെ ലൂണാർ ഓർബിറ്ററിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ചാന്ദ്ര പകൽ അവസാനിക്കുക കൂടി ചെയ്തതോടെ ലാൻഡർ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ പൂർണമായും അടയുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍