പരീക്ഷ എഴുതും, പ്രബന്ധമെഴുതും ചാറ്റ് ജിപിടി, വെല്ലുവിളി മറികടക്കാൻ പുതിയ എഐ സൃഷ്ടിച്ച് 22 കാരൻ

ബുധന്‍, 1 ഫെബ്രുവരി 2023 (18:03 IST)
സാങ്കേതികവിദ്യയിൽ പുത്തൻ വിപ്ലവങ്ങൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.ഓഗ്മെൻ്റഡ് റിയാലിറ്റി,മെറ്റാവെഴ്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന് തുടങ്ങി ഇന്നിൻ്റെ മനുഷ്യാവസ്ഥയെ തിരുത്തിക്കുറിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യകളുടെ വിപ്ലവമാണ് ലോകമെങ്ങും നടക്കുന്നത്.
 
ഇതിൽ ഏറ്റവും അവസാനം ചർച്ചയായിരിക്കുന്ന ഒന്നാണ് ചാറ്റ് ജിപിടി.ഒരു ലീവ് ലെറ്റർ വേണമെങ്കിലോ ലവ് ലെറ്റർ വേണമെങ്കിലോ ഒരു അസൈന്മെൻ്റ് ചെയ്യണമെങ്കിലോ നമ്മുടെ ആവശ്യത്തിനനുസരിച്ച് എഴുതി നൽകാൻ കഴിയുന്ന ലോകത്തെ ഏത് വിഷയത്തെ പറ്റിയുമുള്ള പൂർണ്ണവിവരങ്ങൾ സ്റ്റോർ ചെയ്യപ്പെട്ടിട്ടുള്ള എഐ മെഷീനാണ് ചാറ്റ് ജിപിടി. ചാറ്റ് ജിപിടിയുടെ വരവോടെ ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ വലിയ വെല്ലുവിളി നേരിടുമെന്ന് ടെക് ലോകം തന്നെ പറയുമ്പോൾ ചാറ്റ് ജിപിടി ഏറ്റവും വെല്ലുവിളിയുയർത്തൂന്നത് നിലവിലെ പഠനസമ്പ്രദായത്തിനോടാണ്.
 
വിദ്യാർഥികൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതൊടെ പരീക്ഷ, അസൈന്മെൻ്റ്,പ്രബന്ധങ്ങൾ എന്നിവ എത്രത്തോളം ഒരാൾ സ്വയം ചെയ്തു എന്ന് കണ്ടെത്തുക എന്ന ബുദ്ധിമുട്ടേറിയ വെല്ലുവിളിയാണ് ലോകമെങ്ങുമുള്ള അധ്യാപകർ നേരിടുന്നത്. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് 22കാരനായ എഡ്വാർഡ് ടൈൻ. വിദ്യാർഥികൾ നൽകുന്ന പ്രൊജക്ടുകളിലും അസൈന്മെൻ്റുകളിലും എത്രത്തോളം മെഷീൻ സഹായം തേടിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനായി ജിപിടി സീറോ എന്ന എഐ ആണ് എഡ്വാർഡ് വികസിപ്പിച്ചത്.
 
പുതിയ എഐ നിർമിച്ച വാർത്ത പുറത്തുവന്നതോട് കൂടി ലോകമെങ്ങുമുള്ള അക്കാദമിക സമൂഹവും അധ്യാപകരും താനുമായി ബന്ധപ്പെട്ടതായി എഡ്വാർഡ് പറയുന്നു. വിദ്യാർഥികൾ നൽകുന്ന വർക്കുകളിൽ എത്രത്തോളം മെഷീൻ സഹായമുണ്ട് എന്ന് കണ്ടെത്തുകയാണ് ആപ്പ് ചെയ്യുന്നത്. ഒരുകാര്യം എഴുതിയത് മനുഷ്യനാണോ മെഷീനാണോ എന്ന കാര്യം കൃത്യമായി മനസിലാക്കാൻ സാധിക്കണമെന്നതാണ് ജിപിടി സീറൊയ്ക്ക് പിന്നിലെന്ന് എഡ്വാർഡ് പറയുന്നു. ടീച്ചർമാർക്ക് മുന്നിൽ ചാറ്റ് ജിപിടി വെയ്ക്കുന്ന വെല്ലുവിളി നേരിടാൻ ജിപിടി സീറോയ്ക്ക് കഴിയുമെന്നും എഡ്വാർഡ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍