സ്ത്രീയും പട്ടിയും 43 ഫ്രെയിമില്‍!

ബുധന്‍, 21 ഏപ്രില്‍ 2010 (11:36 IST)
PRO
PRO
വെന്‍ഡി സൌത്ഗേറ്റും അവരുടെ വളര്‍ത്തുപട്ടിയും ഏറെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല, ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ജനപ്രിയ സേവനമയ സ്ട്രീറ്റ് വ്യൂവില്‍ 43 ഫ്രെയിമുകളിലാണ് വെന്‍ഡിയും പട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്. സൌത്‌ഗെറ്റിന്റെ ഭര്‍ത്താവ് തങ്ങളുടെ വീട് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.

തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കണ്ട ടെറി സൌത്‌ഗേറ്റ് അത്ഭുതപ്പെട്ടു, ചിത്രം ഒരിടത്തല്ല; 43 സ്ഥലങ്ങളില്‍. തെരുവ് ചിത്രങ്ങള്‍ പകര്‍ത്തുന്ന ഗൂഗിളിന്റെ കാര്‍ സഞ്ചരിക്കുന്ന സമയത്താണ് വെന്‍ഡി തന്റെ പട്ടിയുമൊത്ത് നടക്കാനിറങ്ങിയത്. എന്നാല്‍, തങ്ങളുടെ ദൃശ്യങ്ങളെല്ലാം പകര്‍ത്തുന്ന കാര്‍ ശ്രദ്ധിച്ചിരുന്നില്ല. അതേസമയം, വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് 43 ചിത്രങ്ങളെടുത്തിരിക്കുന്നത്.

വെന്‍ഡിയെയും പട്ടിയെയും പിന്തുടര്‍ന്ന് ഗൂഗിള്‍ കാമറ ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചെന്നാണ് കണക്കാക്കുന്നത്. വിവിധ തെരുവുകളിലെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുമ്പോഴും അറിയാതെ വെന്‍ഡിയും പട്ടിയും കൂടെ സഞ്ചരിക്കുകയായിരുന്നു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഭാര്യയുടെ 43 ചിത്രങ്ങള്‍ കണ്ടെത്തിയതായി ഭര്‍ത്താവ് ടെറി അറിയിച്ചു.
PRO
PRO


അതേസമയം, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ സ്ട്രീറ്റ് വ്യൂ സംവിധാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. നഗരങ്ങളുടെ പച്ചയായ ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിനെതിരെ പ്രതിഷേധങ്ങളും ഏറെയാണ്. ലോകത്തെ പ്രമുഖ നഗരങ്ങളുടെയെല്ലാം നഗരക്കാഴ്ചകള്‍ ഇന്ന് സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാണ്.

രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ട്രീറ്റ് വ്യൂ, 360 ഡിഗ്രിയില്‍ ത്രിമാന കാമറകളുടെ സംവിധാനത്തോടെയാണ് നഗര ചിത്രങ്ങള്‍ പകര്‍ത്തുന്നത്. പൊതുജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് സ്ട്രീറ്റ് വ്യൂവെന്ന പരാതി നേരത്തെ തന്നെ ലണ്ടനില്‍ ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ നഗരങ്ങളില്‍ സ്ട്രീറ്റ് വ്യൂ വന്നതോടെ പരാതി കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. പലരുടെയും ചിത്രങ്ങളും വീടുകളും സ്വകാര്യ ഇടങ്ങളും സ്ട്രീറ്റ് മാപ്പ് ഒപ്പിയെടുത്തപ്പോള്‍ പരാതിയും വ്യാപകമായി.

പ്രത്യേക സംവിധാനങ്ങളോടു കൂടിയ കാറില്‍ ഒമ്പത് കാമറകള്‍ ഘടിപ്പിച്ചാണ് തെരുവ് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. പാര്‍ക്കും, തെരുവും, ബീച്ചും എല്ലാം സ്ട്രീറ്റ് വ്യൂ പകര്‍ത്തി. പലര്‍ക്കും സ്ട്രീറ്റ് വ്യൂ സേവനമായപ്പോള്‍ അല്പം ചിലര്‍ക്ക് വിഷമവും സൃഷ്ടിച്ചു. ബീച്ചിലും തെരുവിലും നഗ്നരായി സഞ്ചരിക്കുകയായിരുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ പോലും സ്ട്രീറ്റ് വ്യൂ ഒഴിവാക്കിയില്ല. തുറന്ന ബാത്ത് റൂമില്‍ കുളിക്കുകയായിരുന്ന സ്ത്രീയുടെയും ബീച്ചില്‍ കാറ്റു കൊള്ളാനെത്തിയ വിദേശസഞ്ചാരിയുടെയും നഗ്നത സ്ട്രീറ്റ് വ്യൂ ഒപ്പിയെടുത്തത് പ്രതിഷേധത്തിന് വഴിത്തെളിയിച്ചിട്ടുണ്ട്.

നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും തന്നെ സൌജന്യമായി സ്ട്രീറ്റ് വ്യൂ ഉപയോഗപ്പെടുത്താനാകുമെന്നതിനാല്‍ ഇത്തരം നഗ്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പ്രകൃതിയും തെരുവുകളും ഹൈവേകളും ഒപ്പിയെടുത്ത അതേ മികവോടെയാണ് ബീച്ച് ചിത്രങ്ങളും എടുത്തിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള തെരുവ് ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ടോര്‍നാഡോ, കല്‍ഗരിം മോണ്ട്രിയാല്‍, ക്യുബെക് സിറ്റി, ഹാലിഫാക്സ്, സ്ക്വാമിസ്, വിസ്റ്റ്ലര്‍, ഒട്ടാവ് കിച്‌നര്‍, വാട്ടര്‍ ലൂ തുടങ്ങി പതിനൊന്ന് കനേഡിയന്‍ നഗരങ്ങളുടെ ചിത്രങ്ങളാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

PRO
PRO
ലണ്ടനിലെ ഗ്രാമങ്ങളുടെയും വീടുകളുടെയും ചിത്രം പകര്‍ത്തിയത് വന്‍ പ്രക്ഷോഭത്തിന് ഇടവരുത്തിയിരുന്നു. ജനങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അനുവാദമില്ലാതെ തങ്ങളുടെ വീടുകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എന്ത് അവകാശമാണ് ഉള്ളതെന്നുമാണ് പൊതുജനം ചോദിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ തീവ്രവാദികളും മോഷ്ടാക്കളും ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ഒരു നഗരത്തിന്‍റെ പൂര്‍ണ വ്യക്തത നല്‍കുന്ന സ്ട്രീറ്റ് വ്യൂ നല്ലതിനേക്കാള്‍ ചീത്ത ഉപയോഗത്തിനാണ് പലരും ഉപയോഗപ്പെടുത്തുന്നത്.

അതേസമയം, ഏതെങ്കിലും ചിത്രത്തെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും അത്തരത്തിലുള്ള ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ച നിരവധി ചിത്രങ്ങള്‍ ഗൂഗിള്‍ പിന്‍‌വലിക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക