സൈബര്‍ലോകത്ത്‌ കലാമിന്‌ വിശ്രമമില്ല

FILEFILE
ഇന്ത്യയെ സൂപ്പര്‍ ശക്തിയാക്കുക എന്ന വ്യക്തിപരമായ ലക്‍ഷ്യം പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്‌ വിശ്രമമില്ല. പൗരന്‍‌മാരെ രാജ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്‍ഷ്യവുമായി കലാം രൂപീകരിച്ച സ്വന്തം വെബ്സൈറ്റില്‍ തിരക്കൊഴിയുന്നില്ല. വിശേഷങ്ങള്‍ ആരായാനും സംശയങ്ങള്‍ ദുരീകരിക്കാനും അയിരങ്ങളാണ്‌ ഇന്ത്യകണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയെ തേടി എത്തുന്നത്‌.


കഴിഞ്ഞ ദിവസം രാത്രിമുതല്‍ നിലവില്‍ വന്ന സൈറ്റില്‍ ഇതിനോടകം പതിനായിരക്കണക്കിന്‌ ഇന്ത്യക്കാരാണ്‌ കലാമിനെ തേടി എത്തിയത്‌. ‘രാഷ്ട്രരൂപീകരണത്തിന്‌ ജനതയെ പ്രചോദിപ്പിക്കാനാണ്‌’ സൈറ്റ്‌ രൂപീകരിച്ചിരിക്കുന്നതെന്ന്‌ കലാം സൈറ്റില്‍ വ്യക്തമാക്കുന്നു.


പുതിയ പ്രസിഡന്‍റ് അധികാരമേറ്റ സാഹചര്യത്തില്‍ കലാം രാഷ്ട്രപതിയായിരിക്കെ രൂപീകരിച്ച പ്രസിഡന്‍റ് ഓഫ്‌ ഇന്ത്യ ഡോട്ട്‌ കോമില്‍ നിന്നും കാലാമിന്‍റെ പ്രചോദിത വചനങ്ങള്‍ നീക്കം ചെയ്യപ്പെട്ടപ്പോഴാണ്‌ കലാം ആരാധകര്‍ പുതിയ സൈറ്റിലേക്ക്‌ തിരിഞ്ഞത്‌. പുതിയ സൈറ്റായ അബ്ദുള്‍കലാം ഡോട്ട്‌ കോമില്‍ കലാമിന്‍റെ പ്രസംഗങ്ങളുടെ സമാഹാരം തന്നെയുണ്ട്‌. അന്നായൂണിവേഴ്സിറ്റിയിലെ കുട്ടികളോടായി കലാം നടത്തിയ പ്രസംഗങ്ങളും സൈറ്റിലുണ്ട്‌. പ്രസിഡന്‍റ് എന്ന നിലയില്‍ രാജ്യത്തോട്‌ അവസാനമായി നടത്തിയ പ്രസംഗം ഇതിനോടകം പതിനായിരങ്ങള്‍ വായിച്ചു കഴിഞ്ഞു.


രാത്രി ഏഴരയ്ക്ക്‌ സൈറ്റ് സ്ഥാപിക്കപ്പെട്ട ഉടന്‍തന്നെ ഏഴായിരത്തിനാനൂറ്‌ സന്ദര്‍ശകരാണ്‌ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സൈറ്റിലെത്തിയത്‌ എന്നാണ്‌ കണക്ക്‌.


കലാം അഞ്ചുവര്‍ഷം മുമ്പ്‌ രൂപീകരിച്ച പ്രസിഡന്‍റ് ഓഫ്‌ ഇന്ത്യ സൈറ്റില്‍ കുട്ടികളോട്‌ നേരിട്ട്‌ സംവദിക്കാനുള്ള അവസരമുണ്ടായിരുന്നു. ഏതൊരാള്‍ക്കും പ്രസിഡന്‍റിനോട്‌ നേരിട്ട്‌ സംവദിക്കാനുള്ള അവസരവും സൈറ്റില്‍ ലഭ്യമായിരുന്നു. എന്നാല്‍ അധികാരമാറ്റത്തോടെ പ്രസിഡന്‍റ് ഓഫ്‌ ഇന്ത്യ സൈറ്റ്‌ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നാണ്‌ കാണിക്കുന്നത്‌. പുതിയ രാഷ്ട്രപതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സൈറ്റ്‌ ഉടന്‍ എത്തുമെന്ന്‌ രാഷ്ട്രപതിഭവന്‍ അറിയിച്ചിട്ടുണ്ട്‌.


പ്രസിഡന്‍റ് ഓഫ്‌ ഇന്ത്യ സൈറ്റില്‍ പ്രതിദിനം കലാമിനെതേടി 250,000സന്ദര്‍ശകര്‍ എത്തുന്നുണ്ടായിരുന്നു എന്നാണ്‌ കണക്ക്‌. പ്രതിദിനം അഞ്ച് ലക്ഷം ഹിറ്റുകളെങ്കിലും ഈ സൈറ്റിന്‌ ലഭിച്ചിരുന്നു. കലാം സ്ഥാനമൊഴിയുന്ന അവസാനമാസത്തില്‍ മാത്രം 10മില്യന്‍ സന്ദര്‍ശകരാണ്‌ സൈറ്റില്‍ ഉണ്ടായിരുന്നത്‌.

വെബ്ദുനിയ വായിക്കുക