വര്‍ധിച്ചുവരുന്ന വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള് സാങ്കേതിക ലോകത്തിന് ഭീഷണിയാണെന്ന് ഇന്റര്‍നെറ്റ് ഭീമന് ഗൂഗിള്‍. ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയര് നിര്‍മ്മാതാക്കള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഓണ്‍ലൈനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ അഭിപ്രായപ്പെട്ടു.
നെറ്റില്‍ പരിചയമില്ലത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ ലക്സ്ഷ്യമിട്ടാണ് ഇത്തരം ആന്റി വൈറസ് സോഫ്റ്റ്വയറുകള് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് നിരീക്ഷണത്തിന് വിധേയമാക്കിയ 240 ദശലക്ഷം വെബ്പേജുകളില്‍ 15 ശതമാനവും വ്യാജ ആന്റി വൈറസുകളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളതാണെന്ന് കണ്ടെത്തി.
വെബ് അടിസ്ഥാനമാക്കിയുള്ള മാള്‍വയറുകള്‍ ഉപയോഗിച്ചാണ് ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമിക്കുന്നത്. സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ പോപ്-അപ് സന്ദേശങ്ങളിലൂടെയാണ് കുടുക്കുന്നത്. കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെന്നും പെട്ടെന്ന് സ്കാന്‍ ചെയ്യണമെന്നും ആവശ്യപ്പെടും ഇതോടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകളിലെ കയ്യിലാകുന്നു. വ്യാജസോഫ്റ്റ് വെയറുകള്‍ സാമ്പത്തികമേഖലയെത്തന്നെ പിടിച്ചു കുലുക്കുന്ന തരത്തില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്.