മൊബൈല്‍ ഫോണിലൂടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുന്ന വെബ്സൈറ്റ് ശ്രദ്ധിക്കപ്പെടുന്നു. ജി പി ആര്‍ എസ് കണക്ഷനുള്ള ഏതു വീഡിയോ പ്ലേബാക്ക് മൊബൈല്‍ ഫോണിലും ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് സൈറ്റിന്‍റെ വക്താവായ എല്‍ദോസ് അറിയിച്ചു.
'കേരളടൂള്‍സ്' എന്ന സൈറ്റില്‍ നിന്നും ഈ സേവനം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചുരുങ്ങിയ കാലയളവിലേക്കു സൗജന്യമായും പിന്നീടു പണം ഈടാക്കാനുമാണ് സംഘാടകരുടെ പദ്ധതി.
മൊബൈല്‍, ഡിവിഡി, കംപ്യൂട്ടര്‍ എന്നീ പ്ലാറ്റ്ഫോമുകളില്‍ മൂന്നു വ്യത്യസ്ത രീതിയില്‍ ഒരേ ചിത്രം ത്രീ ഇന്‍ വണ്‍ ആയി ഉള്‍ക്കൊള്ളിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. എം.പി-3 റിങ്ങ്ടോണുകളും റിങ് എസ്‌ഇക്യു സാങ്കേതികവിദ്യ ഉപയോഗിച്ച് വെബ്സൈറ്റില്‍ ലഭ്യമാണ്.
മൂവി സിഡി എന്ന പേരില്‍ മൊബൈല്‍ സിഡികള്‍ വിപണിയിലിറക്കുന്നതിനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തതായി എല്‍ദോസ് അവകാശപ്പെട്ടു.
ഇന്ത്യക്കു പുറത്ത് അമേരിക്ക, കാനഡ, ഗള്‍ഫ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മലയാളസിനിമകള്‍ റിലീസ് ചെയ്യുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ലോകത്തെവിടെയുള്ളവര്‍ക്കും മലയാളസിനിമകള്‍ റിലീസ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ കാണാന്‍ കഴിയും.