നിങ്ങളുടെ രഹസ്യവാക്ക് പരസ്യമാണോ?

തിങ്കള്‍, 25 ജനുവരി 2010 (19:53 IST)
PTI
നെറ്റ് ഉപയോക്താക്കളേ ഒരു കാര്യം ശ്രദ്ധിക്കൂ. നിങ്ങള്‍ രഹസ്യവാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അത് സര്‍വസാധാരണമായിരിക്കാന്‍ ഇടകൊടുക്കാതിരിക്കൂ. കാരണം മറ്റൊന്നുമല്ല ഭൂരിഭാഗം ഉപയോക്താക്കളും ഒരേപോലെയുള്ള രഹസ്യവാക്കുകളാണ് ഉപയോഗിക്കുന്നത് എന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞു. ഇത് ആര്‍ക്കു വേണമെങ്കിലും നിങ്ങളുടെ അക്കൌണ്ടിലേക്ക് എത്തിനോക്കാനുള്ള അവസരം നല്‍കുന്നു.

32 ദശലക്ഷം രഹസ്യവാക്കുകളെ കുറിച്ചാണ് പഠനം നടന്നത്. അതില്‍ 20 ശതമാനവും എളുപ്പം ഊഹിച്ചെടുക്കാന്‍ കഴിയുന്ന സാധാരണ രഹസ്യ വാക്കുകളായിരുന്നു. അതായത്, 123, എബിസി, ഐ ലവ് യു പോലെയുള്ള രഹസ്യവാക്കുകള്‍!

പഠനത്തില്‍ ഉള്‍പ്പെടുത്തിയ രഹസ്യവാക്കുകളില്‍ 20 ശതമാനവും സര്‍വ സാധാരണമായി ഉപയോഗിക്കുന്ന 5000 വാക്കുകളായിരുന്നു. 0.9 ശതമാനം രഹസ്യവാക്കുകളും ഒറ്റശ്രമത്തില്‍ ഊഹിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. 111 തവണ ശ്രമിച്ചാല്‍ ഒരു രഹസ്യവാക്ക് തീര്‍ച്ചയായും കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വസാധാരണമായ അഞ്ച് രഹസ്യവാക്കുകളും പഠനം നടത്തിയ ഇം‌പെര്‍വ ഏജന്‍സി തയ്യാറാക്കി. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 123456 എന്ന രഹസ്യവാക്കായിരുന്നു.

വെബ്ദുനിയ വായിക്കുക