മൈക്രോസോഫ്റ്റ് ഇന്ത്യയുടെ വികസന കേന്ദ്രത്തിന്‍റെ (എം എസ് ഐ ഡി സി) പുതിയ കേന്ദ്രം ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈദരാബാദിലെ എം എസ് ഐ ഡി സി ക്യാമ്പസിലെ പുതിയ കെട്ടിടം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന് തങ്ങളുടെ ആസ്ഥാനമായ റെഡ്മണ്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ വികസന കേന്ദ്രമുള്ളത് ഹൈദരാബാദിലാണ്. എം എസ് ഐ ഡി സി ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ഈ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഇവിടെ 1998 പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം എം എസ് ഐ ഡി സി മൈക്രോസോഫ്റ്റിനായി നിരവധി ഉല്‍പ്പനങ്ങളാണ് വികസിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനകം 200 പേറ്റന്‍റ് അപേക്ഷകള്‍ തങ്ങള്‍ സമര്‍പ്പിച്ചതായി എം എസ് ഐ ഡി സിയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീനി കൊപ്പളു പറഞ്ഞു.
ചന്ദ്രബാബു നായിഡു ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1998 ഓഗസ്റ്റ് 12നാണ് കൊപ്പളുവിന്‍റെ നേതൃത്തില്‍ എം എസ് ഐ ഡി സി കേന്ദ്രം ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഉല്‍പ്പനങ്ങളും ഇരുപത് ജീവനക്കാരുമായി തുടങ്ങിയ എം എസ് ഐ ഡി സിക്ക് ഇപ്പോള്‍ 1500 ജീവനക്കാരാണുള്ളത്.