ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ചില ജനപ്രിയ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി പ്രധാന സെര്‍വറുകളിലെത്തുകയും രാജ്യത്തെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് തകര്‍ക്കുകയുമാണ് ഇവര്‍ ലക്‍ഷ്യമിടുന്നത്.
ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ സൈറ്റുകളില്‍ വൈറസ് ആക്രമണം നടത്തുകയാണ് ഇവരുടെ പദ്ധതിയെന്നറിയുന്നു. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്ന ലക്ഷകണക്കിന് കമ്പ്യൂട്ടറുകളില്‍ നിമിഷനേരം കൊണ്ട് എത്താന്‍ ഈ വൈറസിന് കഴിയും. ഈ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് കമ്പ്യൂട്ടറുകളിലേക്കും കടന്നുകയറി കമ്പ്യൂട്ടര്‍ ശൃംഖല പൂര്‍ണ്ണമായി തകര്‍ക്കാന്‍ കഴിയുന്നവയാണ് ഈ വൈറസുകള്‍.
നിലവിലുള്ള ആന്‍റി വൈറസ് സോഫ്റ്റ്വെയറുകള്‍ക്ക് ഈ സാഹചര്യം നേരിടാനാവില്ല. ഇത്തരം ശ്രമങ്ങള്‍ പാക് ഹാക്കര്‍മാര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മുംബൈ ആക്രമണത്തിന് ശേഷം ഇത് വര്‍ദ്ധിച്ചെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഐടി വിദഗ്ദ്ധര്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്.