വിശ്വസിച്ചാലും ഇല്ലെങ്കിലും: പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്!

ബുധന്‍, 31 ജൂലൈ 2013 (21:01 IST)
PRO
രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.

തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലൂടെ രാത്രികാലങ്ങളില്‍ അംഗരക്ഷകരുടെ സഹായത്തോടെ പല്ലക്കിലെത്തിയതായി പറയപ്പെടുന്ന പ്രേതത്തിന്റെ കഥ മുത്തശിമാരുടെ മാത്രം സമ്പാദ്യമാണ്.
പാതി ചരിത്രവും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.

പക്ഷേ പലപ്പോഴും കഥകള്‍ അവയുടെ സീമ ലംഘിച്ച് ജീവിതം ദുസ്സഹമാക്കിയ അനുഭവങ്ങളും കുറവല്ല. പല സ്ഥലങ്ങളിലെയും തദ്ദേശീയ വാസികള്‍ അവരുടേതായ രീതിയില്‍ പ്രചരിപ്പിച്ച സംഭ്രമജനകമായ ചില പ്രേതകഥകള്‍ വായിക്കാം...

ഇരുട്ടുവീണാല്‍ ഇവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് സര്‍ക്കാരും?- അടുത്ത പേജ്

ഇരുട്ടുവീണാല്‍ ഇവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് സര്‍ക്കാരും!
PRO
രാജസ്ഥാനിലെ ഒരു വരണ്ടപ്രദേശമാണ് ഭംഗ്രാ. മുഗള്‍ രാജാവായ മാന്‍ സിംഗിന്റെ മകനായ മാധോസിംഗ് നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ഈ ഗ്രാമത്തിന്റെ ആകര്‍ഷണം. എന്നാല്‍ ഈ കോട്ടയെപ്പറ്റി കാലാകാലങ്ങളായി വളരെ പേടിപ്പെടുത്തുന്ന കഥകളാണ് ഗ്രാമവാസികളോട് ചോദിച്ചാല്‍ പറയാനുണ്ടാവുക. എന്തിന് സര്‍ക്കാര്‍ പോലും രാത്രി ഈ പരിസരങ്ങളില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടും.


ഗുരു ബാലുനാഥിന്റെ ശാപത്തെക്കുറിച്ചാണ് ഇവര്‍ക്ക് പറയാനുള്ളത്- ‘കൊട്ടാരങ്ങളുടെ നിഴലുകള്‍ എന്നെ എപ്പോള്‍ സ്പര്‍ശിക്കുമോ അപ്പോള്‍ ഈ നഗരം നാമവശേഷമാകുമെന്ന് ബാലുനാഥ് പറഞ്ഞത്രെ. അദ്ദേഹത്തിന്റെ സമാധിയും അവിടെ ഉണ്ടത്രെ.

മറ്റൊരു കഥ- മഹാമാന്ത്രികനായ സിംഘാനിയ രാജകുമാരിയായ രത്നാവതിയില്‍ അനുരക്തനായെന്നും തന്റെ മന്ത്രവാദം ഉപയോഗിച്ച് ഒരിക്കല്‍ സുഗന്ധതൈലം വാങ്ങാനെത്തിയ രാജകുമാരിയെ വശീകരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍
എന്നാല്‍ ഇതില്‍ പരാജയപ്പെട്ട് ഇയാള്‍ കൊല്ലപ്പെട്ടു. പിന്നീട് സിംഘാനിയയുടെ ദുര്‍മന്ത്രവാദത്തിന്റെ ശക്തി ഈ പ്രദേശത്തെ ബാധിച്ചുവെന്നും രാജകുടുംബമുള്‍പ്പടെയുള്ളവ പിന്നീട് കല്ലിന്‍‌മേല്‍ കല്ലുശേഷിക്കാതെ നശിച്ചു പോയതായും പറയപ്പെടുന്നു.

എന്നാല്‍ ധാരാളം വന്യമൃഗങ്ങള്‍ ഇവിടെ വിഹരിക്കുന്നുണ്ടെന്നും അതാണ് സര്‍ക്കാര്‍ ഇവിടെ പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചതെന്നും, ദ് ഹിസ്റ്ററി ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ ‘എ റോഡ് ലെസ് ട്രാവല്‍ വിത്ത് ജൊനാതന്‍ ലെഗ്സ്’ എന്ന പരിപാടിയില്‍ ഒരു രാത്രി ഇവിടെ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നും പുരോഗമനവാദികളും പറയുന്നു.

അടക്കിപിടിച്ച സംസാരം മുഴങ്ങുന്ന ഡുമാസ് ബീച്ച്-അടുത്ത പേജ്


അടക്കിപിടിച്ച സംസാരം മുഴങ്ങുന്ന ഡുമാസ് ബീച്ച്
PRO


ഗുജറാത്തിലെ സൂറത്തിലെ പ്രശസ്തമായ ബീച്ചാണ് ഡുമാസ് ബീച്ച്. ഇപ്പോള്‍ ധാരാളം വിനോദസഞ്ചാരികളെത്തുന്ന ഈ ബീച്ച് ഒരു കാലത്ത് ശവസംസ്കാരത്തിനു പേരു കേട്ടിരുന്നതാണ്. ബീച്ചിലെ കരിമണലില്‍ ആയിരകണക്കിന് മൃതശരീരങ്ങളാണ് പൊടിയായിച്ചേര്‍ന്നത്. ശവം സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ ആത്മാക്കള്‍ വിഹരിക്കാറുണ്ടോയെന്ന് യുക്തിസഹമായി ചോദിച്ചാല്‍ കേട്ടുകേള്‍വി കഥകളല്ലാതെ ആര്‍ക്കും മറുപടി പറയാനാകില്ല.

എന്നാല്‍ ഈ ബീച്ച് പലപ്പോഴും അദൃശാത്മാക്കളുടെ വിഹാരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടത്രെ. പല ദുരൂഹ ശബ്ദങ്ങളും അടക്കം പറച്ചിലുകളും ഇവിടെ വന്നിരിക്കുന്നവര്‍ കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ ഇവിടെ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ഭീതിയോടെ ഓടിരക്ഷപ്പെടുന്നത് കണ്ടിട്ടുള്ളതായി തദ്ദേശീയരുടെ സാക്ഷ്യവുമുണ്ട്.


പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമോ?-അടുത്ത പേജ്




പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമോ?
PRO
പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ ബാധിച്ചാല്‍ തന്നെ ഏതെങ്കിലും ക്ഷേത്രത്തിലോ പുണ്യകേന്ദ്രങ്ങളിലോ പോയാല്‍ അത് പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നുണ്ടോ ?

കാളി മസ്ജിദ് എന്ന പേരിലുള്ള ഈ സ്ഥലത്ത് എല്ലാ വ്യാഴാ‍ഴ്ചയും പൈശാചിക ശക്തികളില്‍ നിന്ന് മോചനം തേടി ഭക്തര്‍ എത്തുന്നു. കാളിമസ്ജിദ്, അജ്ഞാതനായ ഒരു ആത്മീയ ഗുരുവിന്‍റെ പേരിലുള്ള പുണ്യസ്ഥലമാണ്. മധ്യപ്രദേശിലെ ദേവാസിലെ ശ്മശാനത്തിന്‍റെ സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രേതബാധ പോലുള്ള ഉപദ്രവങ്ങളുള്ളവര്‍ ആത്മീയ ഗുരുവിന്‍റെ ശവകുടീരത്തിലെത്തി അനുഗ്രഹം വാങ്ങുന്നു.

ഈ ശവകുടീരത്തിന്‍റെ ചരിത്രം സംബന്ധിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. ശവകുടീരത്തിന് 1100 വര്‍ഷം പഴക്കമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് 101 വര്‍ഷത്തെ പഴക്കമാണുളളതെന്നാണ്. അതുപോലെ എപ്പോള്‍ മുതലാണ് ബാധോപദ്രവം ഒഴിപ്പിക്കാന്‍ ഇവിടെ ആള്‍ക്കാര്‍ എത്താന്‍ തുടങ്ങിയതെന്നത് സംബന്ധിച്ചും ആര്‍ക്കും അറിവൊന്നുമില്ല.

ഈ സ്ഥലത്തെ കുറിച്ച് വളരെ പ്രസിദ്ധമായ നിരവധി കഥകളുണ്ട്. അതിലൊന്ന് ഈ കാളി മസ്ജിദിനു സമീപത്തു കൂടി നാഗ്ധാം എന്നൊരു നദി ഒഴികിയിരുന്നു എനാണ് തദ്ദേശ വാസികളുടെ അഭിപ്രായം.

ഒരു ഫാക്ടറിയിലെ 3500 ജീവനക്കാരെ ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍; രഹസ്യം കണ്ടെത്താന്‍ ശ്രമിച്ച് മനശാസ്ത്രജ്ഞര്‍-അടുത്തപേജ്

ഒരു ഫാക്ടറിയിലെ 3500 ജീവനക്കാരെ ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍; രഹസ്യം കണ്ടെത്താന്‍ ശ്രമിച്ച് മനശാസ്ത്രജ്ഞര്‍
PRO


ബംഗ്ലാദേശില്‍ നോര്‍ത്ത് ധാക്കയിലെ ഗാസിപൂരില്‍ ഇപ്പോള്‍ മനശാസ്ത്രജഞര്‍ പുതിയൊരു സംഭവത്തിന് പരിഹാരം കണ്ടെത്താനാവാതെ ഉഴലുകയാണ്. ഹോളിവുഡ് സൈക്കോ-ഹൊറൊര്‍ സിനിമയിലേക്കാളും ഭീകരമാണ് ഇവിടുത്തെ ഒരു പ്രേതഫാക്ടറിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍.

ഗാസിപൂരിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ വിജനമായ ഇടങ്ങളില്‍ പ്രേതങ്ങളെ കണ്ടുവെന്നും അവ ആക്രമിക്കാനെത്തിയെന്നും ജീവനക്കാര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ആദ്യമാദ്യം ഫാക്ടറി അധികൃതര്‍ അത് തള്ളിക്കളഞ്ഞു. പ്രേതങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 3500 ഓളം വരുന്ന ജീവനക്കാര്‍ അക്രമമുണ്ടാക്കുകയും ഫാക്ടറി ഉപകരണങ്ങള്‍ തകര്‍ക്കുകയും ഉടമ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഗുരുതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്.

ഫാക്ടറിയില്‍ പലപ്പോഴു പ്രേതങ്ങള കാണുന്നെന്നും ടോയ്ലറ്റുകളിലും മറ്റും അവ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും സ്ത്രീകള്‍ പോലും പരാതിപ്പെടുകയായിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇതൊക്കെ ചിരിച്ചു തള്ളിയതോടെ ജീവനക്കാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ആറുമാസമായി ഫാക്ടറിയില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളുടെ പരിണിതഫലമായുണ്ടായ മാനസിക പ്രശ്നമാണിതെന്നാണ് മാനസികരോഗ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 129 ഓളം ജീവനക്കാര്‍ ഫാക്ടറിയിലുണ്ടായ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റുള്ള ജീവനക്കാര്‍ മാനസികമാ‍യി തകര്‍ന്നെന്നും മരിച്ചവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭീതി മനസ്സില്‍ നിന്നും വിട്ടുപോകാത്തത് കൊണ്ടുള്ള മാനസികവിഭ്രമമാണ് അതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ആരെങ്കിലും ഒരാള്‍ എന്തെങ്കിലും കണ്ട് ഭയപ്പെട്ടതായിരിക്കുമെന്നും തുടര്‍ന്ന് ഈ വാര്‍ത്ത പ്രചാരത്തിലായിരിക്കുമെന്നും അതിനെത്തുടര്‍ന്നാണ് എല്ലാവര്‍ക്കും പ്രേതദര്‍ശനമെന്ന തോന്നാല്‍ ഉണ്ടായതെന്നും ഈ കേസ് പഠിക്കുന്ന സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

കാര്യവട്ടത്തെ ഓര്‍മ്മകളില്‍, അലയുന്ന ഹൈമവതിയുടെ പ്രേതം- അടുത്ത പേജ്


കാര്യവട്ടത്തെ ഓര്‍മ്മകളില്‍ അലയുന്ന ഹൈമവതിയുടെ പ്രേതം
PRO
കാര്യവട്ടത്തെ ഹോസ്റ്റല്‍ ജീവിതകാലത്ത് ഹൈമവതിയെക്കുറിച്ച് കേള്‍ക്കാത്തതായി ആരും ഉണ്ടാവില്ല. ഒരു ചാനല്‍ അതിന്റെ ഒരു പരിപാടിയില്‍ രസകരമായി അവതരിപ്പിച്ചതോടെയാണ് ഹൈമവതിയും കുളവും വീണ്ടും ചര്‍ച്ചയായത്.

പണ്ടെങ്ങോ ക്യാമ്പസിന്‍റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന എന്നായിരുന്നു വിശ്വാസം. നിറം പിടിപ്പിച്ച കഥകള്‍ ഭാവനാ സമ്പന്നര്‍ മെനഞ്ഞതോടെ ഹൈമവതി പ്രശസ്തയായി.

‘നീലവെളിച്ച‘ത്തില്‍ കഥാകാരന്‍ വിളിക്കുന്നതു പോലെ പല വൃണിതഹൃദയരും ‘ഹൈമവതീ പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?‘വെന്ന് ചോദിച്ചിട്ടുണ്ടാകാം. ഏതായാലും കാര്യവട്ടം ക്യാമ്പസിലെത്തുന്നവര്‍ മനസുകൊണ്ടെങ്കിലും ഹൈമവതിക്കുളം കാണാന്‍ ആഗ്രഹിച്സിട്ടുണ്ടാകാം.

1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ സുന്ദരിയായ യുവതിയായിരുന്നു ഹൈമവതി . അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമാവതിയുടെ വീട്ടില്‍ അറിഞ്ഞു . വീട്ടുകാര്‍ ആ ബന്ധം എതിര്‍ത്തതില്‍ മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.

ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റി തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റ്ലില്‍ താമസിക്കുന്നവര്‍ക്ക് ചില സമയത്ത് കാടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാമത്രെയെന്നുമൊക്കെയായിരുന്നു പ്രചരിച്ച കഥകള്‍.

സ്കൂളില്‍ കയറിയ പ്രേതം- അടുത്ത പേജ്




സ്കൂളില്‍ കയറിയ പ്രേതം
PRO
ചെന്നൈ: ആദ്യം എല്ലാവരും തമാശയായാണ് കരുതിയത്. ഒന്നോ രണ്ടോ കുട്ടികള്‍ പറയാന്‍ തുടങ്ങിയ പരാതി സ്‌കൂളില്‍ പഠിയ്‌ക്കുന്ന നാനൂറോളം കുട്ടികള്‍ ആവര്‍ത്തിച്ചു. ഉപദ്രവമേല്‍ക്കുകയും യൂണിഫോമിന്‌ പിന്നില്‍ രക്തക്കറ പുരളുകളും ചെയ്‌തുവെന്നാണ് കുട്ടികള്‍ പരാതിപ്പെട്ടത്.

ചെന്നൈയിലെ ന്യൂ വാഷര്‍മാന്‍പേട്ടിലെ ഒരു വിദ്യാലയത്തിലാണ്‌ സംഭവം നടന്നത്‌. കാണാന്‍കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുകയും വസ്‌ത്രത്തില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നുണ്ടെന്നും അത്‌ പ്രേതബാധമൂലമാണെന്നും രക്ഷിതാക്കളാണ്‌ പറഞ്ഞത്‌. ഇവര്‍ സ്‌കൂളിന്‌ പുറത്ത്‌ തടിച്ചുകൂടി പ്രേതശല്യം ഒഴിവാക്കാന്‍ പരിഹാരപൂജകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. പിന്നീട്‌ അധികൃതര്‍ സ്‌കൂള്‍ ഒരു ദിവസത്തേയ്‌ക്ക്‌ അടച്ചിട്ടു.

കാണാന്‍ കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുന്നുണ്ടെന്നും ചില പെണ്‍കുട്ടികള്‍ക്ക്‌ ഇതുകാരണം രാത്രിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒടുവില്‍ ഡെപ്യൂട്ടി കമ്മീഷണറും ജോയിന്റ് കമ്മീഷണറും വിഷയത്തില്‍ ഇടപെട്ട് ശക്തമായ താക്കീത് നല്‍കിയതോടെ ഈ പരാതി ക്രമേണ ഇല്ലാതാവുകയും ചെയ്തു.

ഇത്തരത്തില്‍ പോകുന്നു നിരവധി വിചിത്ര കല്‍പ്പനകളും കഥകളും. പ്രേതങ്ങളും ഭീകരജീവികളും ഇപ്പോഴും വിഹരിക്കുന്ന സ്ഥലങ്ങളുണ്ട്. നമ്മുടെ മനസ്സിന്റെ അകത്തളങ്ങള്‍ ആണവയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിശ്വാസവും അന്ധവിശ്വാസത്തെയും പലപ്പോഴും വേര്‍തിരിക്കപ്പെടുന്നത് യുക്തിയുടെ നേരീയ നൂലിഴയാലാണെന്നും അവര്‍ വ്യക്തമാക്കുന്നു.