ബാധയൊഴിക്കാന്‍ മഹാ‍ആരതി

WDWD
പൂജാ പാത്രത്തില്‍ കത്തിച്ച കര്‍പ്പൂരവുമായി നില്‍ക്കുന്ന ഭക്തര്‍....പെട്ടെന്ന് ഇക്കൂട്ടര്‍ വളരെ വിചിത്രമായി പെരുമാറാന്‍ തുടങ്ങുന്നു. മധ്യപ്രദേശിലെ ബിജാല്‍‌പൂരിലെ ദത്താ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഏതൊരാളെയും വരവേല്‍‌ക്കുന്നത് ഇത്തരത്തിലുള്ള രംഗങ്ങളായിരിക്കും. ഇവിടെ നടക്കുന്ന വിശേഷാല്‍ പൂജയില്‍ പങ്കെടുത്താല്‍ ബാധോപദ്രവം ഇല്ലാതാവുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

അസാധരണമായ ഈ പൂജയെ കുറിച്ച് അറിഞ്ഞ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ ഒരു ഭക്തജന സഞ്ചയം തന്നെയുണ്ടെന്ന് ഞങ്ങള്‍ കണ്ടു. ബാധയൊഴിപ്പിക്കാനുള്ള മഹാ‍ആരതി എന്ന വിശേഷാല്‍ പൂജ വെള്ളിയാഴ്ച ദിവസങ്ങളിലാണ് നടക്കുകയെന്ന് ഭക്തരില്‍ നിന്ന് മനസ്സിലാക്കാനായി. ഞങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നതും ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു.

പുരാതനമായ ക്ഷേത്രത്തിനുള്ളില്‍ ദത്താ വിഗ്രഹം പരിപാവനമായി സൂ‍ക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിന് എഴുന്നൂറ് വര്‍ഷമെങ്കിലും പഴക്കമുള്ളതായാണ് കരുതുന്നതെന്ന് പൂജാരി മഹേഷ് മഹാരാജുമായി ഞങ്ങള്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പൂജാരിയുടെ കുടുംബം തലമുറകളായി ദത്താ ദേവന്‍റെ പൂജകള്‍ നടത്തിവരുന്നു. മഹേഷ് കുടുംബത്തിലെ ഏഴാമത്തെ തലമുറയില്‍ പെടുന്നയാളാണ്.

WDWD
മഹേഷ് പൂജാരിയുടെ പൂര്‍വ പിതാമഹനായ ഹരിനുമ സാഹേബ് ദത്താ ഭഗവാന്‍റെ അനുഗ്രഹത്തിനായി 12 വര്‍ഷം തപസ്സനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ഹരിനുമയുടെ തപസ്സില്‍ സം‌പ്രീതനായ ദത്താത്രേയന്‍ പ്രത്യക്ഷനായി എന്നും ഭക്തന് നല്‍കിയ വരമനുസരിച്ച് ക്ഷേത്രത്തില്‍ കുടികൊണ്ടു എന്നുമാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഇവിടെ വരുന്ന ഭക്തര്‍ വെറുകൈയ്യോടെ മടങ്ങില്ല എന്ന വിശ്വാസവും നിലനില്‍ക്കുന്നു.

WDWD
ദത്ത ദേവന്‍ മഹാ‍ആരതി നടക്കുമ്പൊള്‍ തന്നില്‍ ആവേശിക്കുമെന്നും അതിനാലാണ് ഭക്തരുടെ എല്ലാ പ്രയാസങ്ങളും ആരാധനയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നത് എന്നുമാണ് മഹേഷ് പൂജാരി അവകാശപ്പെടുന്നത്.

പൂജാരിയോട് സംസാരിച്ചു നില്‍ക്കുമ്പോള്‍ തന്നെ മഹാ‌ആരതി തുടങ്ങി. കൈകളിലേന്തിയ ആരതി താലത്തില്‍ കര്‍പ്പൂരം കത്തിച്ചതോടെ ഭക്തര്‍ അസാധാരണമായി പെരുമാറാന്‍ തുടങ്ങി. ഇവരില്‍ അധികവും സ്ത്രീകളായിരുന്നു. ഇവരില്‍ ചിലര്‍ വിചിത്ര ഭാഷയില്‍ സംസാരിച്ചു, മറ്റു ചിലര്‍ കരയുന്നുമുണ്ടായിരുന്നു. വേറെ കുറച്ചു സ്ത്രീകള്‍ നിലത്ത് കിടന്നുരുളുകയായിരുന്നു. ഇതെല്ലാം പൈശാചിക ശക്തികളുടെ പ്രവര്‍ത്തനമാണെന്നാണ് ഇവിടുള്ളവര്‍ പറഞ്ഞത്.

അവിടെയുണ്ടായിരുന്ന ജിതേന്ദ്ര പട്ടേല്‍ എന്നൊരാളുമായും ഞങ്ങള്‍ സംസാരിച്ചു. അയാള്‍ ഭാര്യയുടെ ശരീരത്ത് കയറിയ ബാധ ഒഴിപ്പിക്കാനായി എത്തിയതായിരുന്നു. അവര്‍ ദിവസങ്ങളോളം ആരോടും മിണ്ടാതെയും ഒന്നും കഴിക്കാതെയും ഇരിക്കുമായിരുന്നുവത്രേ. ക്ഷേത്രത്തിലെ ആരാധനയില്‍ പങ്കെടുത്തതുമുതല്‍ അവരില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്ന് ജിതേന്ദ്ര അവകാശപ്പെടുന്നു.

WDWD
ദത്ത ദേവന്‍റെ കടാക്ഷം മൂലം തനിക്കുണ്ടായിരുന്ന ബാധോപദ്രവം ഇല്ലാതായി എന്ന് ജമുനാഭായി എന്ന സ്ത്രീയും പറഞ്ഞു. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന മിക്കവരും ഇതേ അഭിപ്രായക്കാരായിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് തോന്നുന്നത് പ്രശ്നം പ്രേതബാധയല്ല എന്നാണ്. ഇവര്‍ക്ക് ചികിത്സ ലഭിക്കേണ്ട മാനസിക പ്രശ്നമായിരിക്കും ഉള്ളതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള ബാധോപദ്രവങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

ബാധോപദ്രവം എന്നത്