ടീമിലെ എല്ലാവരും 200 സ്ട്രൈക്ക്റേറ്റിൽ കളിക്കുമ്പോൾ നായകൻ മാത്രം തുഴയുന്നു, ഹാർദ്ദിക്കിനെ വിടാതെ ഇർഫാൻ പത്താൻ

അഭിറാം മനോഹർ

വ്യാഴം, 28 മാര്‍ച്ച് 2024 (17:46 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മുംബൈ ഇന്ത്യന്‍സ് 31 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ മുംബൈയ്ക്ക് 13 ഓവറില്‍ 170 റണ്‍സ് ഉണ്ടായിരുന്നെങ്കിലും പതിനാലാം ഓവറില്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് മുംബൈ താരം തിലക് വര്‍മയെ പുറത്താക്കിയതോടെ കളി മുംബൈ കൈവിട്ടു.
 
പതിനൊന്നാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും ആദ്യ 4 പന്തില്‍ 11 റണ്‍സുമായി നല്ല രീതിയില്‍ തുടങ്ങി ഹാര്‍ദ്ദിക് പിന്നീട് പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. ഒടുവില്‍ 20 പന്തില്‍ 24 റണ്‍സെടുത്ത് പതിനെട്ടാമത് ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. മുംബൈ ഇന്നിങ്ങ്‌സിലെ എല്ലാ താരങ്ങളും തന്നെ മികച്ച പ്രഹരശേഷിയില്‍ ബാറ്റ് വീശിയപ്പോള്‍ 120 സ്ട്രൈക്ക് റേറ്റിലാണ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിങ്ങ്‌സ് അവസാനിച്ചത്. ടീം 278 റണ്‍സെന്ന വമ്പന്‍ ടാര്‍ജെറ്റ് പിന്തുടരുമ്പോള്‍ നായകന്‍ 120 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇതിനെ പറ്റി മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍ പ്രതികരിച്ചത്. ബാറ്ററായി മോശം പ്രകടനം നടത്തിയെന്ന് മാത്രമല്ല നായകനെന്ന നിലയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് ആദ്യ ഓവറുകള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പത്താന്‍ പറഞ്ഞു.
 
മുംബൈ ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ 12 പന്തില്‍ 26 റണ്‍സും ഇഷാന്‍ കിഷന്‍ 13 പന്തില്‍ 34 റണ്‍സും നേടിയിരുന്നു. പിന്നാലെയെത്തിയ നാമന്‍ ധീര്‍ 14 പന്തില്‍ 30 റണ്‍സ്,തിലക് വര്‍മ 34 പന്തില്‍ 64, ടിം ഡേവിഡ് 22 പന്തില്‍ 42 എന്നിങ്ങനെ 200നടുത്ത് പ്രഹരശേഷിയിലാണ് കളിച്ചത്. മുംബൈ നിരയില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍