ആർസിബി ഇനിയെങ്കിലും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കണം, കിരീടം പിന്നാലെ വരുമെന്ന് കൈഫ്

അഭിറാം മനോഹർ
വെള്ളി, 17 മെയ് 2024 (17:22 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടം സ്വന്തമാക്കണമെങ്കില്‍ ആര്‍സിബി ഇന്ത്യന്‍ താരങ്ങളുടെ മേലെ നിക്ഷേപം നടത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. വിദേശ താരങ്ങളുടെ മുകളിലാണ് എല്ലാ കാലവും ആര്‍സിബി പ്രതീക്ഷ വെച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളുടെ ഒരു കാമ്പ് ആ ടീമിനില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള മത്സരത്തിന് മുന്നോടിയായി കൈഫ് പറയുന്നു.
 
 ഐപിഎല്ലില്‍ നിലവില്‍ ആര്‍സിബിയുടെ സാധ്യത വളരെ നേരിയതാണെങ്കിലും ടീമിന്റെ മോശം തുടക്കമാണ് ഇതിന് കാരണമായതെന്നും കൈഫ് പറയുന്നു. ആദ്യത്തെ 6 മത്സരങ്ങളില്‍ വളരെ മോശമായാണ് ആര്‍സിബി കളിച്ചത്. ടൂര്‍ണമെന്റില്‍ പിന്നിലായതും ഈ കാരണങ്ങള്‍ കൊണ്ടാണ്. ടൂര്‍ണമെന്റില്‍ തിരിച്ചെത്തി എന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണെങ്കിലും ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത വളരെ നേരിയതാണ്. ഈ സീസണില്‍ നിന്നെങ്കിലും ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ പിന്തുണയ്ക്കണമെന്ന് ആര്‍സിബി മനസിലാക്കണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാനുമെല്ലാം ചെയ്തത് ഇതാണ്. ആര്‍സിബി ഇന്ത്യന്‍ താരങ്ങളെ വാങ്ങുകയും 2 സീസണിന് ശേഷം അവരെ തിരിച്ചയയ്ക്കുകയുമാണ് ചെയ്യുന്നത്.
 
 രാജസ്ഥാനെ നോക്കിയാല്‍ ജയ്‌സ്വാള്‍,ധ്രുവ് ജുറല്‍,റിയാന്‍ പരാഗ് എന്നീ താരങ്ങളില്‍ അവര്‍ നിക്ഷേപം നടത്തി. അവരെ വളര്‍ത്തിയെടുത്തു.ഈ താരങ്ങള്‍ ഭാവിയില്‍ രാജസ്ഥാനായി കിരീടം നേടികൊടുക്കും. സമാനമായ കാര്യമാണ് കൊല്‍ക്കത്തയും ചെയ്യുന്നത്. ആര്‍സിബി ഇനിയെങ്കിലും മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണം. കൈഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article