ഡൽഹി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് പതിനഞ്ചാം ഓവറിലാണ് യുവതാരം ഡെവാൾഡ് ബ്രെവിസിനെ നഷ്ടമായത്.തുടർന്ന് 33 പന്തിൽ നിന്നും 65 റൺസായിരുന്നു വിജയിക്കാനായി വേണ്ടിയിരുന്നത്. ക്രീസിലെത്തിയ കൂറ്റനടിക്കാരൻ ടിം ഡേവിഡിനെ ആദ്യ പന്തിൽ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. ഡേവിഡിന്‍റെ ബാറ്റിലുരസിയ പന്തില്‍ റിഷഭ് പന്ത് ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. രണ്ട് റിവ്യൂ ബാക്കിയുണ്ടായിട്ടും നിര്‍ണായക വിക്കറ്റ് ആയിരുന്നിട്ടും പന്ത് ഡിആർഎസ് തീരുമാനം എടുത്തില്ല.
ക്ളോസ് ഇൻ ഫീൽഡർമാരും പന്ത് ബാറ്റിലുരസിയ ശബ്ദം കേട്ടിരുന്നില്ല. റീപ്ളേയിൽ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായെങ്കിലും ഡിആർഎസ് എടുക്കാത്തതിനാൽ ഡേവിഡ് രക്ഷപ്പെടുകയായിരുന്നു.എന്നാൽ തനിക്ക് തുടർന്ന് കിട്ടിയ 10 പന്തിൽ നിന്നും 34 റൺസ് എടുത്താണ് ഡേവിഡ് മടങ്ങിയത്. ഇതോടെ മത്സരത്തിൽ മേൽകൈ നേടാൻ മുംബൈയ്ക്കായി.. ബാറ്റിംഗിലും റിഷഭ് പന്തിന് ഇന്നലെ പതിവ് ഫോമിലേക്ക് ഉയരാനായിരുന്നില്ല. ഡല്‍ഹിയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും 33 പന്തില്‍ 39 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.