ബുമ്രയ്ക്ക് കൂട്ടായി മധുഷങ്കയും കൂറ്റ്‌സിയും, ഇത്തവണ ബൗളിംഗ് ഡബിള്‍ സ്‌ട്രോംഗ്

ബുധന്‍, 20 ഡിസം‌ബര്‍ 2023 (17:40 IST)
ഐപിഎല്‍ താരലേലത്തില്‍ ചെറിയ വിലയ്ക്ക് വമ്പന്‍ നേട്ടം കൊയ്ത് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യ നായകനാകുന്ന ആദ്യ സീസണില്‍ ബൗളിംഗ് നിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് ശക്തമായ ടീമുമായാകും മുംബൈ കളിക്കാനിറങ്ങുക. താരലേലത്തില്‍ കൃത്യമായ പദ്ധതികളോടെ ഇറങ്ങിയ മുംബൈ വലിയ തുക ചിലവിടാതെ തന്നെ മികച്ച പേസര്‍മാരെ തങ്ങളുടെ പാളയത്തിലെത്തിച്ചു.
 
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിളങ്ങിയ രണ്ട് മികച്ച ബൗളര്‍മാരെയാണ് മുംബൈ ഇക്കുറി തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇരു ബൗളര്‍മാര്‍ക്കുമായി 10 കോടിയ്ക്ക് താഴെ മാത്രമാണ് ടീം ചിലവഴിച്ചത്. കഴിഞ്ഞ ലോകകപ്പിലെ താരങ്ങളില്‍ ഒരാളായ ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കൂറ്റ്‌സെയെയും ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുഷങ്കയെയുമാണ് മുംബൈ തങ്ങളുടെ ടീമിലെയ്‌ക്കെത്തിച്ചത്. കൂറ്റ്‌സിയെ 5 കോടിയ്ക്കും മധുഷങ്കയെ 4.6 കോടി രൂപയ്ക്കുമാണ് ടീം സ്വന്തമാക്കിയത്.
 
ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ പിച്ചില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളാണ് മുംബൈയെ തീരുമാനത്തിലെത്തിച്ചത്. കഴിഞ്ഞ ലോകകപ്പ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇരുതാരങ്ങളും ടോപ്പ് ഫൈവിലുണ്ടായിരുന്നു. മധുഷങ്ക 21 വിക്കറ്റും കൂറ്റ്‌സി 20 വിക്കറ്റുമായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം കൂറ്റ്‌സി,മധൂഷങ്ക എന്നിവര്‍ ചേരുമ്പോള്‍ ബൗളിംഗിലെ പ്രധാന തലവേദന പരിഹരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ മുംബൈയെ ഏറ്റവും ബുദ്ധിമുട്ടിച്ചത് മികച്ച ബൗളര്‍മാരുടെ അസാന്നിധ്യമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍