ഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തും; 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ശനി, 30 സെപ്‌റ്റംബര്‍ 2017 (16:11 IST)
കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച് കുവൈത്ത്  അമീര്‍. ഒരാളെ വെറുതെ വിടാനും തീരുമാനമായി. വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും അമീര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അമീറിന്റെ ദയാപൂർവമായ നടപടിയിൽ സുഷമ നന്ദിയും രേഖപ്പെടുത്തി. 
 
ജയില്‍ മോചിതരാകുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും കുവൈത്തിലെലെ ഇന്ത്യന്‍ സ്ഥാനപതി ഉറപ്പാക്കുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചിരുന്ന ഷാര്‍ജ ഭരണാധികാരി ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന 149പേരെ വെറുതെ വിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഈ ഉത്തരവും പുറത്തിറങ്ങുന്നത്.
 
സിവിൽ കേസുകളിലും ചെക്ക് കേസുകളിലും പെട്ട് മൂന്നു വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണക്കിലെടുത്തായിരുന്നു ഷാർജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേരള സന്ദർശനത്തിനെത്തിയ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍