ഷാര്‍ജ സുല്‍ത്താന്‍ വാക്കു പാലിച്ചു; 149 ഇന്ത്യക്കാരെയും മോചിപ്പിച്ചു !

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:22 IST)
ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉറപ്പ് മണിക്കൂറുകള്‍ക്കകം നടപ്പായി. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ വ്യാഴാഴ്ച വൈകിട്ടോടെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. 
 
കേരളസന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചിരുന്നു.
 
തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനെ തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്. ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെയുള്ള  കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പുനല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍