എല്ലാം പെട്ടന്നായിരുന്നു; ഖത്തർ പ്രതിസന്ധിയിൽ പ്രവാസികൾക്ക് തിരിച്ചടി, റിയാല്‍ ഇടപാട് നിര്‍ത്തലാക്കാൻ വിമാനത്താവളങ്ങൾക്ക് നിർദേശം

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (14:32 IST)
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചതോടെ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. ഉടൻ പരിഹാരം കാണുമെന്ന് പറയുമ്പോഴും പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാകുന്നു.  
 
ഇപ്പോഴിതാ റിയാൽ ഇടപാടുകളെയും ഇത് ബാധിച്ചിരിക്കുന്നു. ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെങ്കിലും റിയാൽ ഇടപാടുകളിലെ പുതിയ പ്രതിസന്ധി പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഖത്തര്‍ കറന്‍സിയായ റിയാല്‍ ഇടപാടുകള്‍ നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 
 
കേരളത്തിലെ മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും റിയാല്‍ മാറ്റി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ബാങ്കുകള്‍ക്കും ഫോറെക്‌സ് ഗ്രൂപ്പുകള്‍ക്കും റിയാല്‍ ഇടപാട് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. നിലവിലെ ഖത്തർ പ്രതിസന്ധി മറികടക്കുന്നതു വരെ റിയാൽ പ്രതിസന്ധിയും നിലനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 
ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയുണ്ടാവുന്നതായും റിപ്പോര്‍ട്ടുണ്ട്. ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ സ്വീകരിച്ച നടപടിയിൽ വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ഖത്തരിലുള്ളവർ. പ്രത്യേകിച്ച് പ്രവാസികൾ. 
 
അയല്‍ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ഒറ്റ ദിവസം കൊണ്ട് മാറിപ്പോയ ഖത്തറിലെ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. ഖത്തറിലുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും വിഷയമല്ല. എന്നാല്‍ പുതിയ നിയന്ത്രണങ്ങളെല്ലാം ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. 
Next Article