കടയിൽകയറി ഐസ്ക്രീം നക്കി വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണു ശനിയാഴ്ച അറസ്റ്റിലായത്. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവയ്ക്കുന്ന വീഡിയോ ലെനിസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂ ബെൽ എന്ന ബ്രാന്റിന്റെ ഐസ്ക്രീം ബോക്സ് തുറന്നു നക്കുന്നതും തിരികെ അവിടെതന്നെ വയ്ക്കുന്നതുമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഓണ്‍ലൈനില്‍ കണ്ടത്.
ഇതു വിവാദമായതിനെ തുടർന്നു പോലീസ് അറസ്റ്റിലേക്കു കടക്കുകയായിരുന്നു. ഐസ്ക്രീമിന്റെ ബില്ലടച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു പോലീസിന്റെ തീരുമാനം. ലെനിസിനു കോടതി ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.