നാലു വര്‍ഷത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 43, 200 തവണയെന്ന് 23കാരി

വ്യാഴം, 12 നവം‌ബര്‍ 2015 (14:50 IST)
തനിക്ക് ചോക്ലേറ്റുകള്‍ വാങ്ങിത്തരികയും വലിയ കാറുകളില്‍ യാത്രകള്‍ കൊണ്ടു പോകുകയും ചെയ്ത യുവാവിനൊപ്പം പന്ത്രണ്ടാം വയസ്സിലാണ് കാര്‍ല ജസിന്റോ എന്ന പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. കാമുകനൊപ്പം താമസിക്കവേ ആദ്യ മൂന്നു മാസങ്ങള്‍ സുഖങ്ങളുടേത് മാത്രമായിരുന്നു. ഒരാഴ്ച കാമുകന്‍ കാര്‍ലയെ അപ്പാര്‍ട്‌മെന്റില്‍ തനിച്ചാക്കി പോയി. ആ സമയത്ത് അയാളുടെ കസിന്‍സ് പെണ്‍കുട്ടികളുമായി താമസസ്ഥലത്ത് എത്തിയതില്‍ സംശയം തോന്നി കാമുകനെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ വന്നുപെട്ട ചതിക്കുഴി അവള്‍ അറിഞ്ഞത്. പിന്നീടുള്ള നാലു വര്‍ഷം, നരകയാതനകളുടെത്. ഒരു ദിവസം 30 പേരെന്ന നിലയില്‍ നാലുവര്‍ഷം കൊണ്ട് 43, 200 പേര്‍ അവളെ ബലാത്സംഗം ചെയ്തു.
 
താന്‍ നേരിട്ട നരകയാതനകള്‍ അന്താരാഷ്‌ട്ര മാധ്യമമായ സി എന്‍ എന്നിനു മുന്നിലാണ് കാര്‍ല ജസിന്റോ വെളിപ്പെടുത്തിയത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 30 പുരുഷന്മാര്‍ എന്ന നിലയില്‍ കഴിഞ്ഞ നാലു വര്‍ഷമായി 43, 200 പേരെങ്കിലും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ തുറന്നു പറഞ്ഞു. 
 
പന്ത്രണ്ടാമത്തെ വയസ്സിലാണ് ജസിന്റോ തന്നേക്കാള്‍ പത്തു വയസ്സ് അധികമുള്ള ഇടനിലക്കാരന്റെ കെണിയില്‍ വീഴുന്നത്. അമ്മയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ജസിന്റോയോട്, മെക്സിക്കോയിലെ ട്‌ലാക്സ്‌കാലയിലെ ടെനന്‍സിഞ്ചോയിലേക്ക് ചെല്ലാന്‍  ആവശ്യപ്പെട്ട 22 വയസ്സുകാരനായ ഇയാള്‍ പിന്നീട് വേശ്യാവൃത്തി ചെയ്യാന്‍ ജസിന്റോയെ നിര്‍ബന്ധിക്കുകയായിരുന്നു. 
 
രാവിലെ പത്തുമണിക്ക് തുടങ്ങുന്ന ജോലി അര്‍ദ്ധരാത്രിയിലായിരുന്നു അവസാനിച്ചിരുന്നത് എന്ന് ജസിന്റോ പറയുന്നു. “തളര്‍ന്നു കരയുന്ന തന്നെ നോക്കി പലപ്പോഴും കസ്റ്റമേഴ്സ് പൊട്ടിച്ചിരിക്കുമായിരുന്നു. കസ്റ്റമേഴ്സ് തന്നെ എന്താണ് ചെയ്യുന്നതെന്ന് അറിയാതിരിക്കാന്‍ പലപ്പോഴും താന്‍ കണ്ണുകള്‍ ഇറുകെയടച്ചു”. - ജസിന്റോ പറയുന്നു.
 
ഒരിക്കല്‍ കാര്‍ലയുടെ കഴുത്തില്‍ കസ്റ്റമേഴ്സില്‍ ഒരാള്‍ നല്കിയ ചുംബനത്തിന്റെ അടയാളം കണ്ട ഇടനിലക്കാരന്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ചെയിന്‍ ഉപയോഗിച്ച് അടിക്കുകയും തലമുടി പിടിച്ച് വലിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന് കാര്‍ല ഓര്‍ക്കുന്നു. ദുരിതങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല, ഒരിക്കല്‍ നടന്ന പൊലീസ് പരിശോധനയില്‍ കാര്‍ല ഉള്‍പ്പെടെയുള്ളവര്‍ പിടിക്കപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ എത്തിയ കാര്‍ലയ്ക്ക് പൊലീസുകാരുടെ ഇംഗിതങ്ങള്‍ക്കും വഴങ്ങേണ്ടി വന്നു. 
 
ഇതിനിടയില്‍ കാമുകനാല്‍ കാര്‍ല ഗര്‍ഭിണിയായി. ഒരു പെണ്‍കുഞ്ഞിനാണ് അവള്‍ ജന്മം നല്‍കിയത്. കുഞ്ഞ് പിറന്ന് ഒരു മാസം പിന്നിട്ടതോടെ അവളില്‍ നിന്നും കുഞ്ഞിനെ അയാള്‍ ദൂരേക്ക് മാറ്റി. കുഞ്ഞിന് ഒരു വയസ് എത്തിയ ശേഷമാണ് കാര്‍ല പിന്നീട് കുഞ്ഞിനെ കണ്ടത്. 2006ല്‍ മനുഷ്യക്കടത്തുകാരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കാര്‍ലയ്ക്ക് ഇപ്പോള്‍ 23 വയസ്സാണ്. ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട ദുരിതങ്ങളുടെ ആയിരം മടങ്ങാണ് ഇതിനിടയില്‍ കാര്‍ല ജീവിച്ചു തീര്‍ത്തത്. ഇപ്പോള്‍ മനുഷ്യക്കടത്തിനും വേശ്യവൃത്തിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി ജീവിക്കുകയാണ് കാര്‍ല.

വെബ്ദുനിയ വായിക്കുക