ഭൂമിയില്‍ ജലമെത്തിയത് വാല്‍നക്ഷത്രത്തില്‍ നിന്നാവില്ലെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച റോസറ്റ ബഹിരാകാശ പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍. റോസറ്റ പേടകത്തിലുള്ള 'റോസിന ഉപകരണം' നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഭൂമിയിലെ ജലം വാല്‍നക്ഷത്രത്തില്‍ നിന്നാവില്ലെന്ന നിഗമനത്തിലെത്തിയത്.
വാല്‍നക്ഷത്രത്തിലെ ജലതന്മാത്രകളുടെ സവിശേഷതകള്‍ ഭൂമിയില്‍ കാണുന്ന ജലത്തില്‍നിന്ന് വ്യത്യസ്തമാണെന്ന് റോസറ്റ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാല്‍നക്ഷത്രത്തിലെ ജലത്തില്‍ ഹൈഡ്രജനെ അപേക്ഷിച്ച് ഹൈഡ്രജന്റെ ഐസോടോപ്പായ ഡിറ്റീരിയമാണ് കൂടുതലുള്ളത്.
അതിനാല്‍ ഭൂമിയില്‍ ഇപ്പോള്‍ ഉള്ള ജല തന്മാത്രകള്‍ എത്തിയത് മറ്റേതെങ്കിലും ക്ഷുദ്രഗ്രഹങ്ങളില്‍ നിന്നാകാമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ക്ഷുദ്രഗ്രഹങ്ങളിലെ ജലത്തില്‍ ഡിറ്റീരിയത്തിന്റെ സാന്നിധ്യം കുറവാണ് എന്നതിനാലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. പുതിയ ലക്കം സയന്‍സ് ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഭൂമിയില്‍നിന്ന് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ ചുര്യമോവ്- ഗരാസിങ്കൊ (67.പി) എന്നവാല്‍നക്ഷത്രത്തെ ചുറ്റുന്ന പേടകമാണ് റോസറ്റ. പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച റോസറ്റ 600 കോടി കിലോമീറ്റര്‍ പിന്നിട്ടാണ് വാല്‍നക്ഷത്രത്തിന് സമീപമെത്തിയത്. നവംബര്‍ 12 ന് റോസറ്റയില്‍നിന്ന് ഫിലെ പേടകം വാല്‍നക്ഷത്രത്തില്‍ ഇറക്കി ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ ലാന്‍ഡിംഗിലെ പിഴവുമൂലം വാല്‍ നക്ഷത്രത്തിന്റെ നിഴലില്‍ ആയിപ്പോയ ഫിലേയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.