പുടിന്‍ അഴിമതിക്കാരന്‍; അദ്ദേഹം മറ്റൊരു മുഖംമൂടി ധരിച്ചിരിക്കുയാണ്- യുഎസ്

ചൊവ്വ, 26 ജനുവരി 2016 (11:41 IST)
റഷ്യന്‍ പ്രസിഡന്റ്‌ വ്‌ലാഡ്‌മിര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന ആരോപണവുമായി യുഎസ്‌. യുഎസ്‌ ട്രെഷറി ഡിപ്പാര്‍ട്ട്‌മെന്റ്‌ സെക്രട്ടറി ആദം സ്യുബിനാണ്‌ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പുടിന്‍റെ സാമ്പത്തിക ഇടപാടുകൾ എന്ന ബിബിസി പരിപാടിയിലാണ് അദ്ദേഹം പുടിനെതിരെ ആരോപണമുന്നയിച്ചത്‌.

പുടിന്റെ ഇടപാടുകളില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇത്‌ തനിക്കറിയാം.  2007 ല്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി പുടിന്റെ ആസ്‌തി 40 ബില്ല്യണ്‍ ഡോളറാണെന്ന്‌ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥത്തിലുള്ള സമ്പത്ത്‌ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം മറ്റൊരു മുഖംമൂടി ധരിച്ചിരിക്കുകയാണെന്നും സ്യുബിന്‍ പറഞ്ഞു. ചെൽസി ഫുട്ബാൾ ക്ലബ് ഉടമയായ റോമൻ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാൽ, ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.

പുടിനെതിരെ ആദ്യമായാണ്‌ യുഎസ്‌ പരസ്യമായി ആരോപണവുമായി രംഗത്തെത്തുന്നത്‌. മുന്‍ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെന്‍കോയുടെ കൊലപാതകത്തില്‍ പുടിന് പങ്കുണ്ടെന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പുടിനെതിരേ പുതിയ ആരോപണം വരുന്നത്. അതിനിടെ, പുടിന്‍റെ കടുത്ത വിമർശകനായിരുന്ന പ്രതിപക്ഷ നേതാവ് ബോറിസ് നെറ്റ്സോവിന്‍റെ ദുരൂഹ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ മകൾ യുറോപ്യൻ കൗൺസിലിനെ സമീപിച്ചു.

2014ൽ ക്രമീയ വിഷയത്തോടെയാണ് യുഎസും റഷ്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇതേതുടർന്ന് പുടിന് ബന്ധമുള്ള ചില കമ്പനികൾക്കും വ്യക്തികൾക്കും എതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക