ഭഗത് സിംഗിനെ ദേശീയ നായകനാക്കണമെന്ന്; പാകിസ്ഥാനില്‍ പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം
ശനി, 24 മാര്‍ച്ച് 2018 (18:30 IST)
ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ വീരപോരാളികളുടെ പട്ടികയിലെ ഒന്നാമനായ ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പാകിസ്ഥാനില്‍ ശക്തമാകുന്നു.
ഭഗത് സിംഗ് മെമോറിയൽ ഫൗണ്ടേഷൻ (ബിഎസ്എംഎഫ്), ഭഗത് സിംഗ് ഫൗണ്ടേഷൻ പാകിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകളാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
1931 മാര്‍ച്ച് 23 ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്‌ദേവിനും ഒപ്പം 23 കാരനായ ഭഗത് സിംഗിനെ ബ്രിട്ടിഷ് രാജ്ഞിയുടെ നിര്‍ദേശം സ്വീകരിച്ച് തൂക്കിലേറ്റിയത്. അദ്ദേഹത്തിന്റെ 87മത് ചരമവാർഷികം വെള്ളിയാഴ്‌ച പാകിസ്ഥാനില്‍ ആഘോഷമായിട്ടാണ് നടന്നത്. ഇതിനു ശേഷമാണ് ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യം വ്യാപകമായി തീര്‍ന്നത്.
ലാഹോറില്‍ വെച്ച് ഭഗത് സിംഗിനെ തൂക്കിലേറ്റിയതോടെയാണ് പാകിസ്ഥാനില്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചത്. ഈ വികാരം ഉള്‍ക്കൊണ്ടാണ് പുതിയ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഭഗത് സിംഗിനെ ഇന്ത്യയും പാകിസ്ഥാനും ദേശീയ ഹീറോയായി പ്രഖ്യാപിക്കണമെന്ന് ബിഎസ്എഫ്പി സ്ഥാപക പ്രസിഡന്റ് അബ്ദുള്ള മാലിക് ആവശ്യപ്പെട്ടു. മൂന്നു സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊന്നതിൽ ബ്രിട്ടിഷ് രാജ്ഞി മാപ്പുപറയണമെന്ന് ബിഎസ്എംഎഫ് ചെയർമാൻ ഇംതിയാസ് റാഷിദ് ആവശ്യപ്പെട്ടു.