ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ ഫ്ലഷ് ചെയ്ത് കളയാന്‍ ശ്രമം

വെള്ളി, 2 മെയ് 2014 (15:33 IST)
കുഞ്ഞിനെ ടോയ്‌ലറ്റില്‍ പ്രസവിച്ചശേഷം ഫ്ലഷ് ചെയ്ത് കളയാനുള്ള യുവതിയുടെ ശ്രമം പാളി. ആശുപത്രിയിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെയാണ് ചൈനക്കാരിയായ അമ്മ ഫ്ലഷ് ചെയ്ത് കളയാന്‍ ശ്രമിച്ചത്.  
 
എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാര്‍ വാതില്‍ത്തള്ളിത്തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. വയറുവേദനയുമായി എത്തിയ യുവതിയാണ് ടോയ്‌ലറ്റില്‍ പ്രസവിച്ചത്. 
 
ഗര്‍ഭിണിയായ യുവതി ഇക്കാര്യമറിയാതെയാണ് വയറുവേദനയ്ക്ക് ചികിത്സിക്കാനെത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് വിശ്വസിച്ചിട്ടില്ല. കഠിനവേദനയെത്തുടര്‍ന്ന് യുവതി ടോയ്‌ലറ്റില്‍ പോവുകയും ഉടന്‍ പ്രസവിക്കുകയുമായിരുന്നു. 
 
കുഞ്ഞിന്റെ കരച്ചില്‍കേട്ട് ജീവനക്കാര്‍ ടോയ്‌ലറ്റിനുമുന്നില്‍ തടിച്ചുകൂടി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അതിനുമുതിര്‍ന്നില്ല. ഒടുവില്‍ സുരക്ഷാജീവനക്കാര്‍ ബലംപ്രയോഗിച്ച് വാതില്‍ തുറന്ന് രക്ഷിക്കുകയായിരുന്നു. കുഞ്ഞിന് കുഴപ്പമൊന്നുമില്ല. ഇരുവരും ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക