കെനിയൻ യൂണിവേഴ്സിറ്റിയിലെ ഭീകരാക്രമണം; 147 മരണം, നൂറോളം പേര്‍ക്ക് പരുക്ക്
വെള്ളി, 3 ഏപ്രില്‍ 2015 (08:15 IST)
സൊമാലിയൻ അതിർത്തിക്ക് സമീപമുള്ള വടക്കുകിഴക്കൻ കെനിയയിലെ ഗാരിസാ യൂണിവേഴ്സിറ്റിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ 147 പേർ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഭീകരർ ബന്ദിയാക്കിയിരുന്ന അഞ്ഞൂറോളം വിദ്യാർത്ഥികളെ സൈന്യം മോചിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ 5.30ഓടെ പ്രധാന കവാടത്തിലുണ്ടായിരുന്ന രണ്ടു സുരക്ഷാജീവനക്കാരെ വെടിവെച്ച് വീഴ്‌ത്തിയശേഷമാണ് അൽക്വ ഇദ ബന്ധമുള്ള അൽ ഷബാബ് ഭീകരർ ക്യാമ്പസിലേക്ക് പ്രവേശിച്ചത്. നാല് തോക്കുധാരികളാണ് ആക്രമണം അഴിച്ചു വിട്ടത്. വിദ്യാർത്ഥികളിൽ നിന്നും ക്രിസ്ത്യൻ മതവിശ്വാസികളെ ഭീകരർ വേർതിരിച്ച് മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യൻ വിദ്യർത്ഥികൾക്ക് ചുറ്റുമായി ഭീകരർ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യത്തിന് പരുക്കേറ്റുവെങ്കിലും നാല് ഭീകരരെയും സൈന്യം വധിച്ചു. സൊമാലിയ മേഖലയിലെ ഭീകര സംഘടനയാണ് അൽ ഷബാബ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.