കറാച്ചിയില്‍ ബസിനു നേരെ ഭീകരാക്രമണം: വെടിവെപ്പില്‍ 43 മരണം

ബുധന്‍, 13 മെയ് 2015 (11:47 IST)
പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ ഭീകരർ ബസിനു നേരെ നടത്തിയ വെടിവെപ്പില്‍ 43 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കറാച്ചിയിലെ സഫൂര ചൗക്കിൽ ഇസ്മായിലി കമ്യൂണിറ്റിയുടെ അംഗങ്ങളെ കൊണ്ടുപോയ ബസിനു നേർക്കാണ് ആക്രമണം ഉണ്ടായത്. നാലു ബൈക്കിലെത്തിയ എട്ടോളം ഭീകരർ ബസിനു തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

കറാച്ചിയിലെ ഇസ്മയിൽ സമുദായത്തിന്റെ ഹൗസിംഗ് പ്രോജക്ട് നടക്കുന്ന അൽ അസഹർ ഗാർഡൻ കോളനിയിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണം നടന്നത്. ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 52 പേർക്കു സഞ്ചരിക്കാവുന്ന ബസിൽ 60 പേർ ഉണ്ടായിരുന്നതായി സിന്ധ് പൊലീസ് ഇൻസ്പക്ടർ ജനറൽ ഘുലം ഹൈദർ ജമാലി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ തലയിലാണ് വെടിയേറ്റത്. അതിനാൽ, ബസിന്റെ ഉള്ളിൽ കയറിയാണ് ഭീകരർ വെടിവച്ചതെന്നാണ് സംശയം. ബസ് നിർത്താനായി പുറത്തു നിന്നു വെടിവച്ചുവെന്നും പിന്നീട് അകത്തുകയറി വെടിവയ്ക്കുകയായിരുന്നെന്നും പേരു വെളിപ്പെടുത്താത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക