ബ്രിട്ടീഷ്, ബോളിവുഡ് ചലച്ചിത്രതാരം സയിദ് ജഫ്രി അന്തരിച്ചു

തിങ്കള്‍, 16 നവം‌ബര്‍ 2015 (14:07 IST)
പ്രമുഖ ബോളിവുഡ് താരമായിരുന്ന സയീദ് ജഫ്രി അന്തരിച്ചു. 86 വയസ്സുകാരനായിരുന്ന ജഫ്രി ഞായറാഴ്ചയാണ് നിത്യതയിലേക്ക് മടങ്ങിയത്. ജഫ്രിയുടെ അനന്തരവള്‍ ഷഹീന്‍ അഗര്‍വാള്‍ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
ഷേയ്ക്‌സ്പിയര്‍ നാടകങ്ങളുമായി അമേരിക്കയില്‍ പര്യടനം നടത്തിയ ആദ്യ ഇന്ത്യന്‍ നടനായിരുന്നു ജഫ്രി. ഇന്ത്യന്‍ സര്‍ക്കാരിന്റെ യു എസ് ഓഫീസിലെ പബ്ലിസിറ്റി ആന്‍ഡ് അഡവര്‍ടൈസിംഗ് വിഭാഗം ഡയറക്ടറായും അകാശവാണിയുടെ റേഡിയോ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
മൂന്ന് തവണ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. മസാലയിലെ അഭിനയത്തിന് മികച്ച നടനുള്ള 1991ലെ ജീനി അവാര്‍ഡും ലഭിച്ചു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ, ദി ഫാര്‍ പവലിയണ്‍സ്, മൈ ബ്യൂട്ടിഫുള്‍ ലൗഡ്രേറ്റ് തുടങ്ങിയ ശ്രദ്ധേയങ്ങളായ ചിത്രങ്ങളില്‍ ജഫ്രി ഉണ്ടായിരുന്നു. ഗാങ്‌സ്‌റ്റേഴ്‌സ്, ദി ജുവല്‍ ഇന്‍ ദി ക്രൗണ്‍, തന്തൂരി നൈറ്റ്‌സ്, ലിറ്റില്‍ നെപ്പോളിയന്‍സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും ജഫ്രി അഭിനയിച്ചിട്ടുണ്ട്.
 
ചലച്ചിത്രതാരം മധുര്‍ ജഫ്രിയായിരുന്നു ഭാര്യ. മീര, സിയ, സാകിന ജഫ്രി എന്നിവരാണ് മക്കള്‍.

വെബ്ദുനിയ വായിക്കുക