നൂറോളം യാത്രക്കാരുമായി റഷ്യൻ സൈനിക വിമാനം കാണാതായി; കരിങ്കടലിൽ തകര്‍ന്നുവീണതായി സൂചന

ഞായര്‍, 25 ഡിസം‌ബര്‍ 2016 (11:40 IST)
91 യാത്രക്കാരുമായി സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ സൈനിക വിമാനം കാണാതായി. ടി.യു 154 എന്ന വിമാനമാണ്​ കാണാതായത്​. സോചിയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. 
 
റഷ്യൻ മാധ്യമങ്ങളാണ് വിമാനം കാണാതായ​ വാർത്ത പുറത്ത്​ വിട്ടത്. അപകടം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മിലിറ്ററി ബാന്‍ഡ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമുള്‍പ്പെടെ  81 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യൻ സൈന്യത്തിലെ കരോൾ സംഘവും വിമാനത്തിലുണ്ടായിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. 
 
അതേ സമയം, വിമാനം കരിങ്കടലിൽ തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനത്തിലെ യാത്രക്കാരെ സംബന്ധിച്ചും വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്. വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി റഷ്യന്‍ ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

വെബ്ദുനിയ വായിക്കുക