17 കുട്ടികളും ഏഴു ജീവനക്കാരുമുള്‍പ്പെടെ 224 പേരുമായി ഈജിപ്തിലെ സിനായ് മേഖലയില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിന്റെ അപകടകാരണം അവ്യക്‍തമായി തുടരുന്നു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‍സ് പരിശേധിച്ചതില്‍ നിന്ന് കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല. വിമാനത്തിനുനേരെ പുറത്തുനിന്ന് ആക്രമണമുണ്ടാകാനുള്ള സാധ്യത തള്ളി അന്വേഷണസംഘം തള്ളുകയും ചെയ്‌തു.
വിമാനത്തിനുനേരെ പുറത്തുനിന്ന് ആക്രമണമുണ്ടായില്ലെങ്കിലും ബ്ലാക് ബോക്‍സ് പരിശേധിച്ചതില്‍ നിന്ന് അപകടകാരണം വ്യക്തമായിട്ടില്ല. എന്നാല്‍, അപകടം ഉണ്ടാകുന്നതിന് മുമ്പ് യാത്രാക്കാരില്‍ പരിഭ്രാന്തി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇന്ധനടാങ്കില്‍ പൊട്ടിത്തെറി ഉണ്ടായതാണോ എന്നും സംശയമുണ്ട്. വിമാനത്തിനുള്ളില്‍ വെച്ച് എന്തെങ്കിലും പൊട്ടിത്തെറിച്ചോ എന്നും അന്വേഷണം നടക്കുന്നുണ്ട്. റഡാര്‍ പരിധിയില്‍നിന്ന് കാണാതാവുന്നതിനുമുമ്പ് എന്തെങ്കിലും ആശങ്കയുള്ളതായി പൈലറ്റിന്റെ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
ബ്ലാക്ക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ പൂര്‍ണമായും ഡീകോഡ് ചെയ്തു കഴിഞ്ഞിട്ടില്ല. ലൈവ് റഡാറില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് വിമാനം 300 കിലോമീറ്റര്‍ വേഗതയില്‍ താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് മിന്നല്‍പോലെ ഉണ്ടായതായി അമേരിക്കന്‍ സാറ്റലൈറ്റ് സംവിധാനം കണ്ടത്തെിയിട്ടുണ്ട്. തകര്‍ച്ച നടന്ന ഒമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന തുടരുകയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈജിപ്തിലെയും റഷ്യയിലെയും വിദഗ്ധരോടൊപ്പം ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ബ്ളാക് ബോക്സ് പരിശോധകരും വിമാനം രജിസ്റ്റര്‍ ചെയ്ത അയര്‍ലന്‍ഡില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നതാണ് അന്വേഷണസംഘം.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത 140 മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം റഷ്യയിലത്തെി. രണ്ടാമത്തെ വിമാനത്തില്‍ മറ്റുള്ളവരുടെ മൃതദേഹങ്ങളും എത്തിക്കും. കൊല്ലപ്പെട്ടവരില്‍ 10 പേരെ അവരുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു.