വീണ്ടും റഷ്യൻ പടനീക്കം, ഫിൻലൻഡ് അതിർത്തിയിലേക്ക് വൻ സൈനികവ്യൂഹത്തെ അയച്ചു

ബുധന്‍, 13 ഏപ്രില്‍ 2022 (14:24 IST)
നാറ്റോയിൽ അംഗമാകാനുള്ള നീക്കം ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും ശക്തമാക്കിയതിനെ തുടർന്ന് ഫിൻലൻഡ് അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച് റഷ്യ. ഇരു രാജ്യങ്ങളും നാറ്റോ അംഗത്വം നേടിയാൽ മേഖലയിലെ സാഹചര്യം മോശമാകു‌മെന്ന ഭീതിയിലാണ് റഷ്യൻ നീക്കം.
 
ഫിൻലൻഡില്‍ 55 ലക്ഷവും സ്വീഡനില്‍ ഒരു കോടിയുമാണ് ജനസംഖ്യ. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെയാണ് നാറ്റോയിൽ അംഗമാകാനായി സ്വീഡനും ഫിൻലൻഡും നീക്കം ശക്തമാക്കിയത്. ഈ രണ്ട് രാജ്യങ്ങളും നാറ്റോ അംഗമായാൽ  മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ്‌ പ്രതികരിച്ചു. പിന്നാലെ ഫിൻലൻഡ്‌ അതിർത്തിയിലേക്ക് റഷ്യ വൻ സൈനിക വ്യൂഹത്തെ അയച്ചു. 
 
മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിൻലൻഡ്‌ അതിർത്തിയിലേക്ക് എത്തുന്നത്. 1340 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡ് റഷ്യയുമായി പങ്കിടുന്നത്. അതേസമയം നാറ്റോയിൽ ചേരാനുള്ള നിർദേശം അടുത്തയാഴ്‌ച തന്നെ ഫിൻലൻഡ് പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂർവം പരിഗണിക്കും എന്നാണ് നാറ്റോയുടെ പ്രതികരണം. കൂടുതൽ രാജ്യങ്ങള്‍ നാറ്റോ അംഗത്വം നേടുന്നതിനെ അമേരിക്കയും പിന്തുണയ്ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍