2029 ല്‍ മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കാന്‍ റഷ്യ

വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:42 IST)
ചന്ദ്രനില്‍ കാലുകുത്തിയ ഏക രാജ്യം എന്ന ബഹുമതി അമേരിക്കയ്ക്കാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും, ചന്ദ്രന്‍ ബഹിരാകാശ ഏജന്‍സികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മനുഷ്യനെ ചന്ദ്രനിലെത്തികാനുള്ള നീക്കങ്ങളുമായി റഷ്യയും യൂറോപ്യന്‍ യൂണിയനും ചൈനയും രംഗത്തുണ്ട്. എന്നാല്‍ 2029ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ 'റോസ്‌കോസ്‌മോസ്' പദ്ധതി പ്രഖ്യാപിച്ചു.

മോസ്‌കോയില്‍ കഴിഞ്ഞ ദിവസം ഒരു സ്‌പേസ് ആന്‍ഡ് ടെക്‌നോളജി സമ്മേളനത്തില്‍ റോസ്‌കോസ്‌മോസ് എനര്‍ജിയ മേധാവി വ് ളാഡിമിര്‍ സൊല്‍ട്‌സേവ് ആണ്, 2029 ല്‍ റഷ്യ മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനാവശ്യമായ ബഹിരാകാശ വാഹനം നിര്‍മിക്കുകയാണെന്നും, അതിന്റെ ആദ്യ പറക്കല്‍ 2021 ല്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് 36 പേജുള്ള വിശദമായ രൂപരേഖ നാസ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 10 നാണ്. അതിന് പിന്നാലെയാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ റഷ്യ പദ്ധതി പ്രഖ്യാപിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. റഷ്യയുടെ ബഹികാശവാഹനം ആദ്യഘട്ടത്തിലെ പരീക്ഷണപറക്കലിന് ശേഷം, 2023 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി കൂട്ടുചേരും. 2025 ല്‍ വാഹനം ചന്ദ്രനിലേക്ക് ആളില്ലാതെ സഞ്ചരിക്കും. 2029 ലാണ് മനുഷ്യനെയും വഹിച്ച് ചന്ദ്രനിലേക്ക് പോവുക.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ESA ) റഷ്യന്‍ സ്‌പേസ് ഏജന്‍സിയുമായി സഹകരിച്ച് 'ലൂണ 27' ( Luna 27 ) എന്ന റോബോട്ടിക് വാഹനം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിക്കാന്‍ ചര്‍ച്ച പുരോഗമിക്കുന്നതായി അടുത്തയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള യൂറോപ്യന്‍ ശ്രമത്തിന്റെ തുടക്കമാണ് ലൂണ 27 എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

റഷ്യയും യൂറോപ്പും മാത്രമല്ല, ചൈനയും ചന്ദ്രനില്‍ ആളെ എത്തിക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ്. 2020 കളുടെ മധ്യേ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണ് ചൈനയുടെ ഉദ്ദേശം. അതേസമയം, ചന്ദ്രനില്‍ സ്ഥിരം താവളമുറപ്പിക്കാനുള്ള പദ്ധതിയില്‍ ചൈനയുമായി സഹകരിക്കാനുള്ള സന്നദ്ധത റഷ്യ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക