ഒടുവില്‍ മാര്‍പാപ്പ ബൊളീവിയയോട് പറഞ്ഞു... മാപ്പ്..മാപ്പ്

വെള്ളി, 10 ജൂലൈ 2015 (13:46 IST)
ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയോട് കത്തോലിക്ക സഭാ പരാമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. നിണ്ട 500 വർഷത്തോളം ലാറ്റിനമേരിക്കൻ ജനങ്ങൾക്ക് മേല്‍ കത്തോലിക്ക സഭ നടത്തിയ അന്യായങ്ങള്‍ക്കാണ് മാര്‍പാപ്പ മാപ്പപേക്ഷിച്ചത്. തെക്കേ അമേരിക്കയിൽ യുറോപ്യന്മാർ കോളനികൾ സ്ഥാപിച്ചപ്പോൾ കത്തോലിക്ക സഭമൂലം നിരവധി പീഡനങ്ങള്‍ തദ്ദേശിയര്‍ക്കുണ്ടായിരുന്നു.

സഭമൂലം ലാറ്റിനമേരിക്കക്കാര്‍ക്കുണ്ടായ പീഡനവും വേദനയും ഉൾക്കൊണ്ട് 1992ൽ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിച്ച ജോൺപോൾ രണ്ടാമൻ മാര്‍പാപ്പയും മാപ്പുപറഞ്ഞിരുന്നു. ഇതിനു പിന്തുടര്‍ച്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും നടത്തിയിരിക്കുന്നത്. പീഡനങ്ങളെക്കുറിച്ചു തനിക്കു വേദനയും ഖേദവുമുണ്ടെന്നു ഫ്രാൻസിസ് മാര്‍പാപ്പ പറഞ്ഞു. ജോൺ പോൾ രണ്ടാമന്റെ അഭ്യർഥന താൻ ആവർത്തിക്കുകയാണ്. സഭ ചെയ്ത തെറ്റുകൾക്കു മാത്രമല്ല, തദ്ദേശീയ ജനതയോടു ചെയ്തിട്ടുള്ള ക്രൂരതകൾക്കും മാപ്പിരക്കുന്നു.

മാര്‍പാപ്പയുടെ മാപ്പുപറച്ചിൽ കരഘോഷത്തോടെയാണ് ബൊളീവിയക്കാർ ഏറ്റുപിടിച്ചത്. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ സന്ദർശിക്കുകയാണ് മാര്‍പാപ്പ. ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റ് എവോ മൊറേൽസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സഭ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന് മാര്‍പാപ്പ വിനീതമായി അഭ്യർഥിച്ചത്. ദൈവത്തിന്റെ പേരിൽ കത്തോലിക്ക സഭ കൊടിയ പാപങ്ങൾ ചെയ്തിരുന്നതായി ലാറ്റിനമേരിക്കൻ സഭാ നേതാക്കൾ പണ്ടേ തന്നെ സമ്മതിച്ചിരുന്നതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക