വിമാനപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ ഡി എൻ എ സാമ്പിളുകൾ റഷ്യയിലേക്കയച്ചു, അപകടത്തിൽ മരിച്ച സഹയാത്രികരുടേയും ഡി എൻ എ പരിശോധിക്കും

തിങ്കള്‍, 21 മാര്‍ച്ച് 2016 (16:02 IST)
ഫ്ലൈ ദുബായ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി ദമ്പതികളുടെ ഡി എന്‍ എ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി റഷ്യയിലേക്ക്‌ അയച്ചു. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പെരുമ്പാവൂര്‍ വെങ്ങാലയ്‌ക്കല്‍ ചാമക്കാലായില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍(27), ഭാര്യ അഞ്‌ജു(27) എന്നിവരുടെ ഡി എൻ എ സാമ്പിളുകളാണ്‌  മൃതദേഹം തിരിച്ചറിയുന്നതിനുവേണ്ടി റഷ്യയിലേക്ക്‌ അയച്ചത്‌.
 
ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ റോസ്‌റ്റോവ്‌-ഓണ്‍-ഡോണിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഫൈ്‌ള ദുബായ്‌ വിമാനം റെണ്‍വേയില്‍ ഇടിച്ച്‌ തകർന്നത്. 55 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 33 സ്ത്രീകളും നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
 
മരിച്ച ശ്യാം മോഹന്റെ മാതാപിതാക്കളുടെയും അഞ്‌ജുവിന്റെ അമ്മയുടെയും സഹോദരന്റെയും രക്‌ത സാമ്പിളുകളാണ്‌ എറണാകുളം ആരോഗ്യ വിഭാഗം ശേഖരിച്ചത്‌. സാമ്പിളുകള്‍ രാവിലെ ഡല്‍ഹിയിലേക്ക്‌ അയച്ചു. തുടര്‍ന്ന്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പിന്നീട്‌ റഷ്യയിലേക്ക്‌ അയക്കുമെന്നാണ്‌ വിവരമെന്ന്‌ മോഹന്റെ ബന്ധുക്കള്‍ പറയുന്നു. ദമ്പതികള്‍ക്ക്‌ പുറമെ അപകടത്തില്‍ കൊല്ലപ്പെട്ട സഹയാത്രികരുടെയും ജീവനക്കാരുടേയും ഡി എന്‍ എ പരിശോധനകള്‍ നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.
 

വെബ്ദുനിയ വായിക്കുക