ഫിലിപ്പീന്‍സില്‍ വിദേശ വിനോദ സഞ്ചാരികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (11:21 IST)
ദക്ഷിണ ഫിലിപ്പീന്‍സിലെ ഫിലിപ്പീന്‍സിലെ സാമള്‍ ദ്വീപിലെ റിസോട്ടില്‍ നിന്നും മൂന്ന് വിദേശ വിനോദസഞ്ചാരികളെയും ഒരു ഫിലിപ്പീനി യുവതിയെയും തീവ്രവാദികളെന്ന് സംശയിക്കുന്ന അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി. രണ്ട് കനേഡിയന്‍ സ്വദേശികളെയും ഒരു നോര്‍വെ സ്വദേശിയെയും ആണ് തട്ടിക്കൊണ്ട് പോയത്. ദ്വീപിലെ ഹോളിഡേ ഓഷ്യന്‍വ്യൂ റിസോര്‍ട്ടിലായിരുന്നു സംഭവം.
കനേഡിയന്‍ പൗരന്മാരായ ജോണ്‍ റൈഡ്‌സെല്‍, റോബര്‍ട്ട് ഹാള്‍, നോര്‍വേക്കാരനായ ജാര്‍ട്ടന്‍ സെക്കിങ്‌സ്റ്റഡ് എന്നിവരെയും പ്രദേശവാസിയായ സ്ത്രീയെയുമാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരെ ബന്ദികളാക്കിയതല്ലെന്നും അപായപ്പെടുത്താനായി തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സൈനിക വക്താവ് ക്യാപ്റ്റന്‍ അല്‍ബെര്‍ട്ടോ കാബര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അക്രമികള്‍ ബോട്ടിലാണ് ടൂറിസ്റ്റുകളെയും കൊണ്ടുപോയത്. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്യാപ്റ്റന്‍ അല്‍ബെര്‍ട്ടോ കാബര്‍ അറിയിച്ചു. മോചനദ്രവ്യത്തിനായാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് കരുതുന്നത്. ഈ മേഖലയില്‍ 1990കള്‍ മുതല്‍ മുസ്ലീം തീവ്രവാദ സംഘങ്ങള്‍ പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.