‘പെര്‍മ’ പറഞ്ഞു, ഇന്ത്യന്‍ ചാനലുകള്‍ ഇനി പാകിസ്ഥാനില്‍ വേണ്ട; നിയമലംഘനം നടത്തുന്ന ഡിടിഎച്ച് ഡീലര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (17:15 IST)
ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നു. പാക് മാധ്യമങ്ങള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി ടി എച്ച് സേവനം വഴി രാജ്യത്ത് ലഭിക്കുന്ന ഇന്ത്യന്‍ ടി വി ചാനലുകള്‍ക്കാണ് നിരോധനം വരുന്നത്. പാകിസ്ഥാനിലെ ഡി ടി എച്ച് സര്‍വ്വീസുകളില്‍ വരും മാസങ്ങളില്‍ ഇത് സജ്ജീകരിക്കും.
 
പാക് ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെര്‍മ) നടപടി. അമിതമായ വിദേശ ഉള്ളടക്കമുള്ള ടി വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.പെര്‍മ നിയമങ്ങള്‍ അനുസരിച്ച് ഒരു ദിവസം രണ്ടു മണിക്കൂര്‍ 40 മിനിറ്റ് (അതായത് 10 ശതമാനം ഉള്ളടക്കം) വിദേശ ഉള്ളടക്കങ്ങള്‍ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ.
 
ഈ സാഹചര്യത്തില്‍ നിയമപരമായ രീതിയില്‍ സമയം ക്രമീകരിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സാറ്റലൈറ്റ് ചാനലുകള്‍ എന്നിവരോട് ആവശ്യപ്പെട്ടതായി പെർമ ചെയർമാൻ അബ്സാർ ആലം പറഞ്ഞു. അല്ലാത്തപക്ഷം ഒക്ടോബർ 15 മുതൽ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന ഇന്ത്യൻ ഡി ടി എച്ച് ഡീലർമാർക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക