തകര്‍ക്കാന്‍ പറ്റാത്തൊരു കിടിലന്‍ പാസ്‌വേഡ് വേണോ; രണ്ടു ഡോളര്‍ കൊടുത്താല്‍ മീരക്കുട്ടി അയച്ചു തരും

തിങ്കള്‍, 2 നവം‌ബര്‍ 2015 (19:27 IST)
ഒരാള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു കിടിലന്‍ പാസ്‌വേഡ് എല്ലാവരും ആഗ്രഹിക്കുന്നതാണ്. പാസ്‌വേഡില്‍ നമ്പറുകളും വാക്കുകളും സ്‌പെഷ്യല്‍ കാരക്‌ടറുകളും പരസ്പരം മാറ്റി ‘സ്ട്രോംഗ്’ ആയി നിര്‍മ്മിക്കപ്പെടുന്ന മിക്ക പാസ്‌വേഡുകളും ഹാക്കര്‍മാര്‍ പുല്ലു പോലെയാണ് തകര്‍ക്കുന്നത്. അതുകൊണ്ട്, തന്നെ ഇന്റര്‍നെറ്റ് സുരക്ഷിതത്വത്തിന് മികച്ച ഒരു പാസ്‌വേഡ് വളരെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ടെന്‍ഷനടിച്ച് നടക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയാണ് യു എസില്‍ നിന്നുള്ള മീര മോഡി. 
 
ഇന്ത്യന്‍ വേരുകളുള്ള ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മീര പാസ്‌വേഡുകള്‍ നിര്‍മ്മിച്ചു നല്കി സമ്പാദിക്കാന്‍ തുടങ്ങി എന്നറിയുമ്പോള്‍ അമ്പരപ്പ് ഇരട്ടിയാകും. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു തകര്‍പ്പന്‍ പാസ്‌വേഡ് നിര്‍മ്മിച്ചു നല്കുമ്പോള്‍ മീരയുടെ പ്രതിഫലം രണ്ട് ഡോളര്‍ ആണ്. പാസ്‌വേഡ് തപാലില്‍ ആണ് മീര ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുക. ഡൈസ്‌വെയര്‍ എന്ന ഇനത്തിലുള്ള വാക്കിന്‍കൂട്ടങ്ങളില്‍ നിന്നാണ് മീര പാസ്‌വേഡുകള്‍ നിര്‍മ്മിക്കുന്നത്.
 
മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന മീരയുടെ അമ്മ ജൂലിയ അങ്‌വിനാണ് മകള്‍ക്ക് ഡൈസ്‌വെയര്‍ വാക്കുകള്‍ പരിചയപ്പെടുത്തി കൊടുത്തത്. ഡ്രാഗ്‌നറ്റ് നേഷന്‍ എന്ന പുസ്തകമെഴുതാനായി ഗവേഷണാര്‍ത്ഥം ആയിരുന്നു വാക്കുകള്‍ പരിചയപ്പെടുത്തി നല്കിയത്. ഏതായാലും പഠിച്ചെടുത്ത പുതിയ വാക്കുകളെ സമ്പാദ്യത്തിനുള്ള ഒരു വഴിയാക്കാന്‍ മീരയ്ക്ക് കഴിഞ്ഞു.
 
പകിടക്കുരു എറിയുമ്പോള്‍ കിട്ടുന്ന സംഖ്യ നോക്കി ഡൈസ്‌വെയര്‍ പട്ടികയിലെ തത്തുല്യ ‘പാസ്‌ഫ്രെയ്‌സ്’ കണ്ടെത്തും. ഇതില്‍ നിന്ന് പാസ്‌വേഡ് എഴുതിയെടുത്ത് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയാണ് പതിനൊന്നു വയസ്സുകാരിയായ മീര ചെയ്യുന്നത്. ‘നല്ല പാസ്‌വേഡ് ഉണ്ടാകുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് തോന്നുന്നത്. ഇക്കാലത്ത് എല്ലാവര്‍ക്കും മികച്ച കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കിലും വളരെ പെട്ടെന്നു തന്നെ ആളുകള്‍ക്ക് ഹാക്ക് ചെയ്യാന്‍ പറ്റുന്ന സാഹചര്യമാണെ ഉള്ളത്’ - മീര പറഞ്ഞു.
 
ഏതായാലും തന്റെ കണ്ടെത്തലിന് കൂടുതല്‍ ആവശ്യക്കാരെ ലഭിക്കുമെന്ന് തന്നെയാണ് മീരയുടെ പ്രതീക്ഷ. അങ്ങനെ തന്റെ കുഞ്ഞുബിസിനസ് വിപുലപ്പെടുത്താമെന്നും അവള്‍ സ്വപ്‌നം കാണുന്നു.

വെബ്ദുനിയ വായിക്കുക